Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പ്രതിസന്ധി മറികടക്കണം; ട്രാവന്‍കൂര്‍ സിമന്റ്‌സ് എറണാകുളത്തെ രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമി വില്‍ക്കുന്നു

കോട്ടയം- സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് എറണാകുളത്ത് കാക്കനാടിനടുത്ത് വാഴക്കാലയിലെ ഭൂമി വില്‍ക്കുന്നു. പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി വില്‍പ്പനയ്ക്ക് ആഗോള ടെണ്ടറാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗള്‍ഫിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ ആഗോള ടെണ്ടറിന് കഴിഞ്ഞ ദിവസം പരസ്യം നല്‍കി.

അടുത്തിടെ നടന്ന കമ്പനി മാനേജ്മെന്റ് മീറ്റിംഗിലെ തീരുമാനത്തെ തുടര്‍ന്നാണ് 2.79 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ആഗോള ടെണ്ടറിന് വഴി തുറന്നത്. വിവിധ ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന വില്‍പ്പനയിലൂടെ പരമാവധി ഫണ്ട് സ്വരൂപിക്കാനാണ് മാനേജ്മെന്റിന്റെ ലക്ഷ്യം. 

അസംസ്‌കൃത വസ്തു വിതരണക്കാര്‍ക്ക് കുടിശ്ശിക അടച്ച് വൈറ്റ് സിമന്റ് ഉത്പാദനം പുന:രാരംഭിക്കാനാണ് ഭൂമി വില്‍പ്പനകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമി വില്‍പ്പനയിലൂടെ ഉടനടി ബാധ്യതകള്‍ തീര്‍ക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. 

വിതരണക്കാര്‍ക്കുള്ള കടങ്ങള്‍ തീര്‍പ്പാക്കുന്നതിലൂടെയും മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയും ന്യായമായ പ്രവര്‍ത്തന മൂലധനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ ബാബു ജോസഫ് പറഞ്ഞു. ട്രാവന്‍കൂര്‍ സിമന്റ്സിന്റെ ഉത്പന്നങ്ങള്‍ക്ക് രാജ്യവ്യാപകമായി ആവശ്യക്കാരുള്ളതിനാല്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിലൂടെ സാധാരണ നിലയിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

നിലവില്‍ വേമ്പനാട് എന്ന ബ്രാന്‍ഡില്‍ വൈറ്റ് സിമന്റും വാള്‍ പുട്ടിയുമാണ് കമ്പനി നിര്‍മ്മിക്കുന്നത്.
എന്നാല്‍ കുടിശ്ശിക വര്‍ധിച്ചതോടെ അസംസ്‌കൃത വസ്തുവായ ക്ലിങ്കര്‍ വിതരണം നിലക്കുകയായിരുന്നു. അതോടെ വൈറ്റ് സിമന്റ് ഉത്പാദനം താത്ക്കാലികമായി നിര്‍ത്തുകയും വാള്‍ പുട്ടി ഉത്പാദനം കുറയുകയും ചെയ്തു. 

പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം ഉത്പാദനത്തെ സാരമായി ബാധിച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് മൂന്ന് മാസത്തെ കാലതാമസമാണുണ്ടായത്. കൂടാതെ കമ്പനിക്ക് 2020 മുതല്‍ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അടക്കാനും കഴിയുന്നില്ല. കമ്പനിയില്‍ 157 സ്ഥിരം ജീവനക്കാരും ഏകദേശം 30 അപ്രന്റീസുകളും കരാര്‍ തൊഴിലാളികളുമാണ് ജോലി ചെയ്യുന്നത്.

അസംസ്‌കൃത വസ്തു വിതരണക്കാര്‍ക്ക് കമ്പനി ഏകദേശം 22 കോടി രൂപയാണ് നല്‍കാനുള്ളത്.  ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഉള്‍പ്പെടെ മുന്‍ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി എട്ടു കോടി രൂപയുമാണ് ആവശ്യമായി വരുന്നത്. 

പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച കമ്മിറ്റി നല്‍കേണ്ട ബാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നു. പദ്ധതി പ്രകാരം വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കുകയും ഭൂമി വിറ്റതിന് ശേഷം കോടതി ഉത്തരവിട്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിറവേറ്റുകയും ചെയ്യുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കമ്പനി സര്‍ക്കാരിന് ഏകദേശം 60 കോടി രൂപ നല്‍കാനുണ്ടെങ്കിലും ഈ തുക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാം.

Latest News