കോഴിക്കോട്- തീവണ്ടികള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ക്കും പങ്കുണ്ടെന്ന പരാതിയുമായി റെയില്‍വേ. അനാവശ്യമായി അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുന്നത് വര്‍ധിച്ചുവെന്നും ഇതിലൂടെ മണിക്കൂറുകളാണ് ഇന്ത്യന്‍ റെയില്‍വേക്ക് നഷ്ടമാകുന്നതെന്നുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഷ്യം.
2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസങ്ങളില്‍ പാലക്കാട് ഡിവിഷനില്‍ മാത്രം അപായ ചങ്ങല വലിച്ച് 12.48 മണിക്കൂറാണ് നഷ്ടമായത്. പ്രതിമാസം ശരാശരി 61.4 തവണയാണ് ചങ്ങല വലിക്കുന്നത്. പത്ത് മാസത്തിനകം 614 തവണ ചങ്ങല വലിച്ച് പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ നിര്‍ത്തിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടിലേറെ തവണ യാത്രക്കാര്‍ അപായച്ചങ്ങല വലിക്കുന്നുണ്ടെന്നാണ് കണക്ക്. നിസ്സാര കാരണങ്ങള്‍ക്കാണ് പലപ്പോഴും അപായ ചങ്ങല വലിക്കുന്നതെന്നും റെയില്‍വേ പരാതി പറയുന്നു.
പാലക്കാട് ഡിവിഷനില്‍ 2018ല്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയതിനേക്കാള്‍ 143 ശതമാനം വര്‍ധനയാണ് 2023ല്‍ ഉണ്ടായത്. 2018ല്‍ 252 തവണ ചങ്ങല വലിച്ചപ്പോള്‍ 147 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 137 തവണ ചങ്ങല വലിച്ചതില്‍ 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു.
2023ല്‍ പാലക്കാട് ഡിവിഷന് കീഴില്‍ ചങ്ങല വലിച്ച 614 കേസുകളില്‍ 446 എണ്ണവും അനാവശ്യമായിരുന്നു. 168 എണ്ണമാണ് ഏറ്റവും ആവശ്യമായ സമയത്ത് ചങ്ങല വലിച്ചതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ജനറല്‍ കോച്ചുകളിലാണ് ഏറ്റവുമധികം തവണ അപായ ചങ്ങല വലിച്ചത്. ഇതില്‍ 283 കേസുകള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അപായ ചങ്ങല വലിച്ച കേസുകളില്‍ ഒട്ടുമിക്കതിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്.