കള്ളപ്പണ ആരോപണം: യു.ഡി.എഫ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്

കൊച്ചി -  കേരള കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി ടി.യു കുരുവിളയുടെയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും യു.ഡി.എഫ് നിയമസഭാ സ്ഥാനാര്‍ഥിയുമായിരുന്ന ഷിബു തെക്കുംപുറത്തിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയും മുന്‍ മന്ത്രിയുമായ ടി.യു കുരുവിളക്ക് ഷിബു തെക്കുംപുറത്തിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു കുരുവിളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ഷിബു തെക്കുംപുറത്തിന്റെ വീട്ടിലും കെ എല്‍ എം ആക്‌സിവ എന്ന ധനകാര്യസ്ഥാപനത്തിന്റെ ഓഫീസുകളിലും പരിശോധന നടന്നു. കോണ്‍ഗ്രസ് മുന്‍ കോതമംഗലം മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഷിബു കുര്യാക്കോസിന്റെ വീട് ഉള്‍പ്പെടെ 20 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നു്. ഇവര്‍ക്ക് പങ്കാളിത്തമുള്ള നഗരത്തിലെ പണമിടപാട് സ്ഥാപനങ്ങളില്‍ ഒരേസമയത്തായിരുന്നു പരിശോധന. കെ എല്‍ എം ആക്‌സിവയുടെ സഹോദര സ്ഥാപനമായ കോതമംഗലത്തെ ടിയാന ജ്വല്ലറിയിലും പരിശോധന നടന്നു.
ആദായനികുതി വകുപ്പ് ഇന്റിലിജന്‍സ് വിഭാഗം കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച പരിശോധന ഇന്നലെയാണ് അവസാനിച്ചത്. വര്‍ഷങ്ങളായി നടക്കുന്ന ചില ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  ഇവരുമായി ബന്ധമുള്ള മറ്റ് ചില പ്രമുഖരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

 

Latest News