Sorry, you need to enable JavaScript to visit this website.

പാക് അധിനിവേശ കശ്മീരില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ സന്ദര്‍ശനം, പ്രതിഷേധവുമായി ഇന്ത്യ

ന്യൂദല്‍ഹി - പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ച പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഈ മാസം പത്തിനാണ് പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയ്്ന്‍ മാരിയറ്റും ഹൈക്കമ്മീഷണര്‍ ഉദ്യോഗസ്ഥരും പാക് അധിനിവേശ കശ്മീരിലെ മീര്‍പൂര്‍ നഗരം സന്ദര്‍ശിച്ചത്. ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും സംഘവും പാക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സന്ദര്‍ശനത്തെ ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതക്കും മേലുള്ള ഇത്തരം ലംഘനം അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിഷയത്തില്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും നിലനില്‍ക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിക്കുകയും എക്‌സില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. യുകെയുടെയും പാക്കിസ്ഥാന്റെയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ ഹൃദയമായ മിര്‍പൂരില്‍ നിന്നുള്ള സലാം, 70 ശതമാനം ബ്രിട്ടീഷ് പാകിസ്ഥാന്‍ വേരുകളും മിര്‍പൂരില്‍നിന്നുള്ളവരാണ്, ഇത് പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ണായകമാണ്. നിങ്ങളുടെ ഉപചാരത്തിനു നന്ദിയെന്നുമാണ് പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈ്ക്കമ്മീഷണര്‍ മീര്‍പൂറില്‍ നിന്നുള്ള ചിത്രത്തോടപ്പം എക്‌സില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം, പാക് അധീന കശ്മീരിന്റെ ഭാഗമായ ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാനിലെ യു.എസ് അംബാസഡര്‍ സന്ദര്‍ശനം നടത്തിയതില്‍ വാഷിംഗ്ടണിനെ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.

 

Latest News