ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ റാഞ്ചി, ഒരു കിലോ സ്വര്‍ണം തട്ടിയ പ്രതി പിടിയില്‍

കണ്ണൂര്‍ - ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ദല്‍ഹിയില്‍ പിടിയില്‍. മാങ്ങാട്ടിടം കണ്ടേരി നൂര്‍മഹലില്‍ മര്‍വാനെ (31)യാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍കുമാര്‍, എസ്‌ഐ അഖില്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി.
കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിമാനത്താവളങ്ങള്‍ക്കുള്‍പ്പെടെ കൈമാറിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷ്‌റയില്‍നിന്നാണ് മര്‍വാന്റെ നേതൃ ത്വത്തിലുള്ള ക്വട്ടേഷന്‍സംഘം ഒരു കിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്.
സംഭവത്തില്‍ കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി റംഷാദ്, കൂത്തുപറമ്പ് മൂര്യാട് താഴെപ്പുരയില്‍ സലാം, പൂക്കോട് ശ്രീധരന്‍ മാസ്റ്റര്‍ റോഡിലെ ജമീല മന്‍സിലില്‍ ടി അഫ്‌സല്‍, മൂര്യാട്ടെ മുഫ്‌സിന്‍ എന്നിവരെ കഴിഞ്ഞദിവസം കൂ ത്തുപറമ്പ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൂത്തുപറമ്പ് എസിപി കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. ദല്‍ഹിയില്‍ പിടിയിലായ പ്രതിയെ നാട്ടിലെത്തിച്ചു
കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയുടെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

Latest News