വീണ വിജയനെതിരെ പരാതി നല്‍കിയത് താന്‍, ജീവന്‍ വെടിഞ്ഞാലും മുന്നോട്ടുപോകും- ഷോണ്‍ ജോര്‍ജ്

കോട്ടയം - മുഖ്യമന്ത്രിയുടെ  മകള്‍ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചത് സ്വാഗതം  ചെയ്ത് ഹരജിക്കാരനായ  അഡ്വ. ഷോണ്‍ജോര്‍ജ്. വന്നിരിക്കുന്നത് ഒരു മഞ്ഞു മലയുടെ അഗ്രംമാത്രമാണെന്ന് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ പറഞ്ഞു.

ഇക്കാര്യത്തിലുള്ള തന്റെ നിയമ പോരാട്ടം ആരംഭിച്ച അന്നുമുതല്‍ സംസ്ഥാനം പോലീസും അന്വേഷണ ഏജന്‍സികളും രഹസ്യമായി പിന്തുടരുകയാണ്.


മുഖ്യമന്ത്രി്‌യുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെ കേന്ദ്ര അന്വേഷണത്തിന് താന്‍ നല്‍കിയപൊതു താത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് എസ് എഫ്  ഐ ഓ അന്വേഷണ ഉത്തരവിട്ടത്.  പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് പൊതുസമൂഹത്തിന്റെ മുന്നില്‍ എത്തിക്കേണ്ടത് ഉത്തരവാദിത്തമാണ്.
സംസ്ഥാനത്തിന്റെ തീരദേശങ്ങളെ വില്‍പ്പന ചരക്കുകളാക്കി മാറ്റി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അടക്കം പങ്കാളിത്തമുള്ള കമ്പനിയുമായി 40,000 കോടി രൂപയിലധികം വരുന്ന ഇടപാടുകളാണിത് എന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

കണ്‍സള്‍ട്ടന്‍സി സേവനത്തിനായി 1.72 കോടി രൂപ പുറമെ നല്‍കി. എക്‌സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ പരാതി നല്‍കിയിട്ടുള്ളത് താന്‍ മാത്രമാണ്.

എക്‌സാലോജിക്കുമായുള്ള കേസില്‍ പരാതി നല്‍കിയ പലരും ആത്മഹത്യ ചെയ്തതായി കേട്ടു. പക്ഷെ താന്‍ എന്തായാലും ആത്മഹത്യ ചെയ്യില്ല. ഇനി തനിക്ക് ജീവഹാനി വന്നാലും ഈ കേസുമായി മുന്നോട്ട് പോകാന്‍  അഞ്ചുപേരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സാലോജികിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പി വി പിണറായി വിജയന്‍ തന്നെയാണ്.

 

Latest News