ന്യൂദൽഹി- കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ് ഇരു പാർട്ടിയുടെയും നേതാക്കൾ വ്യക്തമാക്കി. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇരുപാർട്ടികളും തമ്മിൽ ചർച്ച നടത്തിയത്. ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റ് വിഭജനവും ഇരു പാർട്ടികളും ചർച്ച ചെയ്യുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ദൽഹിയിലെ കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിന്റെ വസതിയിലാണ് രണ്ടു മണിക്കൂറോളം നീണ്ട ചർച്ച നടന്നത്. സഖ്യത്തെക്കുറിച്ചുള്ള ചർച്ച വളരെ നന്നായി നടക്കുന്നു. ഇത് ബോൾ ടു ബോൾ കമന്ററി നൽകാൻ ക്രിക്കറ്റ് മത്സരമല്ലെന്നും എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദ പറഞ്ഞു. ചർച്ചകൾ നന്നായി പുരോഗമിക്കുകയാണെന്നും എല്ലാം തീരുമാനിക്കുന്നത് വരെ തുടരുമെന്നും കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.
ഞങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുന്നു. ഞങ്ങൾ എല്ലാവരും തൃപ്തരാണ്. തീരുമാനത്തിലെത്തിയ ശേഷം പ്രഖ്യാപിക്കുമെന്നും ഖുർഷിദ് പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, ദൽഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കി.