Sorry, you need to enable JavaScript to visit this website.

ഞാൻ മുൻ മുഖ്യമന്ത്രിയാണ്, തിരസ്‌കരിക്കപ്പെട്ട മുഖ്യമന്ത്രിയല്ല-ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ- ജനം ഇപ്പോഴും തന്നെ സ്‌നേഹത്തോടെ വിളിക്കുന്നത് മുൻ മുഖ്യമന്ത്രിയാണ് എന്നാണെന്നും തിരസ്‌കരിക്കപ്പെട്ട നേതാവ് എന്നല്ലെന്നും ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് പിൻവാങ്ങിയിട്ടും ജനങ്ങൾക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞിട്ടില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എന്നെ ഇപ്പോൾ മുൻ മുഖ്യമന്ത്രി എന്നാണ് അഭിസംബോധന ചെയ്യുന്നത്. പക്ഷേ ഞാൻ ഒരു തിരസ്‌കൃത മുഖ്യമന്ത്രിയല്ല. കൂടുതൽ കാലം അധികാരത്തിലിരുന്നതിന്റെ പേരിൽ ആളുകൾ അധിക്ഷേപിക്കാൻ തുടങ്ങിയപ്പോഴാണ് പല സംസ്ഥാനത്തെയും മുഖ്യമന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നത്. എന്നാൽ, ഞാൻ പോകുന്നിടത്തെല്ലാം ആളുകൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. ജനങ്ങളുടെ സ്‌നേഹമാണ് എന്റെ യഥാർത്ഥ സമ്പത്തെന്നും പൂനെയിലെ എം.ഐ.ടി സ്‌കൂൾ ഓഫ് ഗവൺമെന്റിന്റെ പരിപാടിയിൽ സംസാരിക്കവേ ചൗഹാൻ വ്യക്തമാക്കി. 
'മുഖ്യമന്ത്രി സ്ഥാനം ഒഴിയുക എന്നതുകൊണ്ട് ഞാൻ സജീവ രാഷ്ട്രീയം വിടുമെന്ന് അർത്ഥമാക്കുന്നില്ല. ഒരു സ്ഥാനത്തിനും വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
ഞാൻ അഹങ്കാരത്തിന്റെ ഭാഷ സംസാരിക്കില്ല. ഞാൻ 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പക്ഷേ തിരഞ്ഞെടുപ്പിൽ ഞാൻ സ്വയം പ്രചാരണത്തിനില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ഞാൻ മണ്ഡലത്തിലേക്ക് പോകും. ഗ്രാമത്തിലെ ആളുകൾ എന്റെ അടുത്ത് വരും. സത്യസന്ധമായി നിങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിച്ചാൽ നിങ്ങൾക്ക് എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ചൗഹാൻ പറഞ്ഞു.
 

Latest News