കിടന്നുരുളണ്ട, എല്ലാവര്‍ക്കും കാര്യങ്ങള്‍ വേണ്ട  രീതിയില്‍ മനസിലായിക്കഴിഞ്ഞു-ബാലചന്ദ്രമേനോന്‍ 

തിരുവനന്തപുരം- കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. എംടി പറഞ്ഞത് പിണറായിയെ പറ്റിയെന്നും മോഡിയെപറ്റിയെന്നുമൊക്കെ വാദ പ്രതിവാദങ്ങള്‍ കൊഴുക്കുകയാണെന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എംടി പറഞ്ഞതിനെ വ്യഖ്യാനിക്കാന്‍ ഒരു കൂട്ടര്‍ വേറെയുമുണ്ട്. ഇത് തുടരുന്നത് അഭിലഷണീയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒന്നുകില്‍ എംടി അല്ലെങ്കില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണം. നട്ടെല്ലുള്ള ഒരു പത്രപ്രവര്‍ത്തകന്‍ രംഗത്തിറങ്ങിയാല്‍ കുട്ടി ആണോ പെണ്ണോ എന്നറിയാം. അതിനു ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ ടിവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കും. രാഷ്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ഞങ്ങള്‍ക്കു കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ മനസ്സിലായിക്കഴിഞ്ഞു. പിന്നെ നിങ്ങള്‍ എന്തിനാ ഈ പെടാപാട് പെടുന്നത് ?'- ബാലചന്ദ്രമേനോന്‍ ചോദിച്ചു.
ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്നാണ് എം.ടി. വാസുദേവന്‍ നായര്‍ പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റുപറ്റിയാല്‍ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ.എം.എസ് മഹാനായ നേതാവായതെന്നും എംടി പറഞ്ഞിരുന്നു. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും എം.ടി പറഞ്ഞു. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി. ചൂണ്ടിക്കാട്ടിയിരുന്നു. 


 

Latest News