വാഷിംഗ്ടണ്‍- റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് അമേരിക്ക എണ്ണ വാങ്ങി. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന സൈനിക ആക്രമണങ്ങളെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ യു. എസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. ഈ ഉപരോധമാണ് യു. എസ് ലംഘിച്ചത്.
യു. എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഒക്ടോബറില്‍ 36,800 ബാരലും നവംബറില്‍ 9,900 ബാരലും എണ്ണയാണ് റഷ്യയില്‍ നിന്നും വാങ്ങിയത്. യഥാക്രമം 2.7 മില്യണ്‍ ഡോളറും 749,500 ഡോളറുമാണ് ഇതിനായി ചെലവഴിച്ചത്.
ഉപരോധങ്ങള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന യു. എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറിസിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ അനുവദിച്ച നിര്‍ദ്ദിഷ്ട ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് ഇറക്കുമതി സാധ്യമാക്കിയത്.
ഒക്ടോബറില്‍ ഒരു ബാരലിന് 74 ഡോളറും നവംബറില്‍ 76 ഡോളറുമായിരുന്നു എണ്ണ വില നിശ്ചയിച്ചത്. ഇത് 2022ല്‍ യു എസും സഖ്യകക്ഷികളും നിശ്ചയിച്ച വില പരിധിയായ 60 ഡോളറിനേക്കാള്‍ വളരെ കൂടുതലായിരുന്നു. ക്രിമിയ പിടിച്ചടക്കുന്നതിനും കിഴക്കന്‍ യുക്രെയ്നിലെ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിനുമുള്ള റഷ്യയുടെ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറയ്ക്കുന്നതിന് യു. എസ്, ജി 7 രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയുടെ ഏകോപിത ശ്രമത്തിന്റെ ഭാഗമായാണ് വില പരിധി നിശ്ചയിച്ചത്
2022 മാര്‍ച്ചിലാണ് റഷ്യയില്‍ നിന്നുള്ള എണ്ണ, വാതകം, മറ്റ് ഊര്‍ജ്ജ വിഭവങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് യു. എസ് നിരോധിച്ചത്. കൂടാതെ റഷ്യന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും മേഖലകളെയും ലക്ഷ്യമിട്ടുള്ള മറ്റ് ഉപരോധങ്ങളും നടപ്പാക്കിയിരുന്നു.