കാസര്‍കോട്- വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ചെര്‍ക്കള മുട്ടത്തൊടി പൊടിപ്പള്ളത്തെ കെ.മനോജ്കുമാര്‍ എന്ന മനുവിനെ(25)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ ഏഴു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. മനുവിനെ നേരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ മനോജ്കുമാര്‍ 2014 ഒക്ടോബര്‍ 9 മുതല്‍ 12 വരെയുള്ള കാലയളവുകളില്‍ ചാലിങ്കാല്‍, പെരിയ, കാസര്‍കോട്, പൈക്ക എന്നിവിടങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ വെച്ചും ധര്‍മ്മസ്ഥലയിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു ഫാന്‍സി കടയില്‍ ജോലി ചെയ്തു വരികയായിരുന്ന മറ്റൊരു സമുദായത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മനോജ്കുമാര്‍ അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പരാതിക്കാരിക്കു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.