യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് വൈകുന്നു

തൃക്കരിപ്പൂര്‍- വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളിലും കൊണ്ടുപോയി  പത്ത് വര്‍ഷത്തോളം പീഡിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് വൈകുന്നതായി ആക്ഷേപം.
പ്രതിയായ നേതാവിനെ ചന്തേര പോലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം മുന്‍ ഏരിയാ കമ്മറ്റി അംഗവുമായ വലിയപറമ്പിലെ രതീഷ് കുതിരുമ്മലിനെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്യാത്തതാണ് പരാതിക്ക് കാരണമാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പ് പ്രകാരം ചന്തേര പോലീസ് രതീഷിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ 16 ന് ആണ്. യുവാവ് കബളിപ്പിച്ച മാടക്കാല്‍ സ്വദേശിനിയായ 23 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തനിക്കു പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് 2008 മുതല്‍ പലയിടത്തും കൊണ്ടുപോവുകയും തന്റെ വീട്ടില്‍ വെച്ചും നേതാവിന്റെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പീഡന കേസ് എടുത്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പോലീസ് തൊടാന്‍ തയാറായിട്ടില്ല. ഇയാള്‍ നാട്ടില്‍ തന്നെ ചിലരുടെ സംരക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ആണ് പറയുന്നത്. പ്രതിയെ പിടികൂടാന്‍ ഒന്നോ രണ്ടോ തവണ വീട്ടിലും മറ്റിടങ്ങളിലും പരിശോധന നടത്തി എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കേവലമായ ഒരു അന്വേഷണത്തിന് അപ്പുറം മറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാന്‍ പ്രതിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് മറ്റൊരു ആക്ഷേപം. സംഭവത്തില്‍ ആരോപണം ഉയര്‍ന്ന അവസരത്തില്‍ തന്നെ ചന്തേര പോലീസില്‍ സ്വാധീനം ചെലുത്തി പരാതി മുക്കാന്‍ ഭരണ കക്ഷിയുടെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം വരികയും ജില്ലാ നേതൃത്വം ശക്തമായ നിലപാട് കൈക്കൊള്ളുകയും ചെയ്തതോടെ സ്ത്രീ വിഷയ കേസില്‍ ഇടപെടാന്‍ പോയി നാണക്കേടിലായ നേതാക്കള്‍ ഉള്‍വലിയുകയായിരുന്നു. അതിനിടെ സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ രതീഷിനെ പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ അംഗത്വത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം പടുവളം സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു എന്നാണ് അറിയുന്നത്. തത്സമയം സംഭവത്തില്‍ വിശദീകരണം നടത്താന്‍ യുവാവിന്റെ കുടുംബവും സുഹൃത്തുക്കളും തൃക്കരിപ്പൂരില്‍ പത്രസമ്മേളനം നടത്താന്‍ എത്തിയിരുന്നെങ്കിലും അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ച് അവസാന നിമിഷം മാറ്റിവെച്ചു തിരിച്ചു പോവുകയാണ് ഉണ്ടായത്.

 

Latest News