യുവാവിനെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് യുവതി; രണ്ടു പേര്‍ അറസ്റ്റില്‍

കിണറ്റില്‍ പരിശോധന നടത്തുന്ന പോലീസ് സംഘം.

കോട്ടയം- യുവാവിനെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം നഗരത്തിലെ ലൈംഗിക തൊഴിലാളിയായ യുവതിയാണ് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്തശേരിയില്‍ സജയന്‍ (40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശിയായ കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.  

 തുടര്‍ന്ന് തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് സമീപമുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ പോലീസ് പരിശോധന നടത്തി. കിണറ്റിലെ മാലിന്യം നീക്കിയും വെള്ളം വറ്റിച്ചും പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കിണറിനു സമീപത്ത് നിന്നും കൊച്ചുമോന്റേതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി വെസ്റ്റ് പോലീസ് അറിയിച്ചു.

 

 

 

Latest News