Sorry, you need to enable JavaScript to visit this website.

വംശഹത്യയെന്ന വാക്കിനെ ദുര്‍ബലമാക്കരുത്, ഹമാസിന് സഹായകമാകരുത്; വാദങ്ങള്‍ ഉന്നയിച്ച് ഇസ്രായില്‍

ഹേഗ്- ഗാസയില്‍ വംശഹത്യ നടത്തിയെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം അംഗീകരിച്ചാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധൈര്യം പകരുമെന്നും ഭാവിയില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സംരക്ഷണമാകുമെന്നും അന്തരാഷ്ട്ര കോടതിയില്‍ (ഐ.സി.ജെ) വാദിച്ച് ഇസ്രായില്‍. ആപണങ്ങള്‍ക്കെതിരെ ഇസ്രായില്‍ പ്രതിരോധത്തിനുള്ള അവസാന വാദങ്ങള്‍ ഡോ. ഗിലാഡ് നോമാണ് അവതരിപ്പിച്ചത്.  
ദക്ഷിണാഫ്രിക്കയുടെ ആവശ്യം പരിഗണിക്കുന്നത് യഥാര്‍ഥ വംശഹത്യയെ ശിക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ദുര്‍ബലമാക്കുമെന്നും തീവ്രവാദവും ഭീകരതയും തടയുന്നതിനു പകരം കോടതി മനുഷ്യത്വത്തെയും നിയമവാഴ്ചയെയും പരിഗണിക്കാത്ത തീവ്രവാദ ഗ്രൂപ്പുകളുടെ കൈകളിലെ ആയുധമായി മാറുമെന്നും ഡോ. നോം പറഞ്ഞു.
ഗാസയില്‍ ഉടന്‍ താല്‍ക്കാലിക നടപടി വേണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ത്ഥനയെ കുറിച്ച് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്യാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അത് സഹായകമാകുമെന്നും പിന്നീട് കോടതിയുടെ സംരക്ഷണം തേടുമെന്നും അദ്ദേഹം വാദിച്ചു.
ഗാസയിലെ സൈനിക നടപടി  നിര്‍ത്തിവെക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ത്ഥന, ഒക്ടോബര്‍ 7ന്  നടത്തിയ അതിക്രമങ്ങളോടുള്ള ഇസ്രായിലിന്റെ പ്രതികരണത്തില്‍ നിന്ന് ഹമാസിനെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും  അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ തീവ്രവാദ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇസ്രായിലിനുവേണ്ടി വാദമുന്നയിച്ച ക്രിസ്റ്റഫര്‍ സ്‌റ്റേക്കര്‍ പറഞഞു.
താല്‍ക്കാലിക നടപടികള്‍ ഇസ്രായേലിനെ അതിന്റെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍നിന്ന് തടയും. കൂടുതല്‍ പൗരന്മാര്‍ ആക്രമിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും വഴിതുറക്കും. താല്‍ക്കാലിക നടപടികള്‍ പ്രഖ്യാപിച്ചാല്‍ ഇസ്രായേലിനെ തടയുന്നതാകുമെന്നും അവര്‍ വാദിച്ചു.
ആവശ്യം അംഗീകരിച്ചാല്‍ ഒരു അംഗീകൃത ഭീകരസംഘം മറ്റൊരു രാജ്യത്ത് ഭീകരാക്രമണം നടത്തുമ്പോള്‍, മൂന്നാം കക്ഷിക്ക് ഒരു കക്ഷിയെ സ്വയം പ്രതിരോധിക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയുമെന്നാണ് അര്‍ഥമാകുകയെന്നും സ്‌റ്റേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News