ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം മുംബൈയിൽ ഉദ്ഘാടനം ചെയ്തു

മുംബൈ- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. 21.8 കിലോമീറ്റർ നീളമുള്ള കടൽപ്പാലം മുംബൈയിലെ സെവ്രിയ്ക്കും റായ്ഗഡ് ജില്ലയിലെ നവ ഷെവയ്ക്കും ഇടയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രാദൂരം നിലവിലുള്ള ഒന്നര മണിക്കൂറിൽനിന്ന് 20 മിനിറ്റായി ചുരുങ്ങും. 
അടൽ സേതു എന്നറിയപ്പെടുന്ന ട്രാൻസ് ഹാർബർ ലിങ്ക് ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലം 17,840 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. ആറു വരി പാതയുള്ള പാലത്തിന്റെ 16.5 കിലോമീറ്ററും കടലിന് മുകളിലൂടെയാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്കും അതിവേഗ കണക്റ്റിവിറ്റി നൽകുന്ന പാലം, മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. മുംബൈ തുറമുഖവും ജവഹർലാൽ നെഹ്റു തുറമുഖവും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കും.

ഭൂകമ്പ പ്രതിരോധം, തുറന്ന ടോളിംഗ്

ഓപ്പൺ റോഡ് ടോളിംഗ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ് അടൽ സേതു. ടോൾ ബൂത്തുകളിലൂടെ വാഹനങ്ങൾ നിർത്താതെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കടന്നുപോകാൻ സഹായിക്കും. റിക്ടർ സ്‌കെയിലിൽ 6.5 വരെ തീവ്രതയുള്ള നാല് തരത്തിലുള്ള ഭൂകമ്പങ്ങളെ ചെറുക്കുന്ന തരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നതെന്ന് ഐഐടി ബോംബെയിലെ സിവിൽ എഞ്ചിനീയറിംഗ് മേധാവി പ്രൊഫസർ ദീപാങ്കർ ചൗധരി പറഞ്ഞു. പാലത്തിൽ ഉപയോഗിക്കുന്ന ലൈറ്റുകൾ ജല പരിസ്ഥിതിക്ക് ദോഷം വരുത്താത്തതാണ്. 
ഒറ്റ യാത്രയ്ക്ക് 250 രൂപയും മടക്കയാത്രയ്ക്ക് 375 രൂപയുമായിരിക്കും കാറുകളുടെ പാലത്തിലെ ടോൾ.
പാലം ശനിയാഴ്ച യാത്രക്കാർക്കായി തുറന്നുകൊടുക്കും. നാലുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവക്ക് പാലത്തിൽ പ്രവേശനം അനുവദിക്കില്ല. 

Latest News