Sorry, you need to enable JavaScript to visit this website.

ഹജ് പകർച്ചവ്യാധി മുക്തം -ആരോഗ്യമന്ത്രി

മിനാ- ഈ വർഷത്തെ ഹജ് സീസൺ പകർച്ചവ്യാധി മുക്തമാണെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സംഭവങ്ങളൊന്നും ഹജിനിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽറബീഅ അറിയിച്ചു. മിനായിലെ അൽത്വവാരി ആശുപത്രിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. സൂര്യാഘാതത്തിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും തീർഥാടകർക്ക് സംരക്ഷണം നൽകൽ, കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നതിനും വിശുദ്ധ ഹറമിലേക്കു പോകുന്നതിനും നിശ്ചയിച്ചു നൽകുന്ന സമയക്രമം അടക്കം ഹജ്, ഉംറ മന്ത്രാലയം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കൽ എന്നീ മൂന്നു പ്രധാന കേന്ദ്ര ബിന്ദുക്കൾക്ക് ഊന്നൽ നൽകിയാണ് ആരോഗ്യ മന്ത്രാലയം ഹജുമായി ബന്ധപ്പെട്ട ആരോഗ്യ പദ്ധതികൾ തയാറാക്കിയത്. ഹജിനു മുമ്പായി ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലനവും നൽകിയിരുന്നു. 
ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഹജ് തീർഥാടകർ രാജ്യത്ത് പ്രവേശിക്കുന്ന അതിർത്തി പ്രവേശന കവാടങ്ങളിൽ പന്ത്രണ്ടു ഹെൽത്ത് സെന്ററുകൾ മന്ത്രാലയം സജ്ജീകരിച്ചു. ഇവിടങ്ങളിൽ പര്യാപ്തമായത്ര ജീവനക്കാരെ നിയമിക്കുകയും ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കുകയും ചെയ്തു. എബോള, കോളറ പോലുള്ള രോഗങ്ങൾ പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയ മുഴുവൻ ഹജ് തീർഥാടകരുമായും ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കുകയും അവരുടെ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ മിഷനുകളുമായി ഏകോപനം നടത്തി ഹാജിമാരുടെ ആരോഗ്യ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്തു. 
ആകെ അയ്യായിരം കിടക്കകളുള്ള 25 വൻകിട ആശുപത്രികളും 155 ഹെൽത്ത് സെന്ററുകളും 180 ആംബുലൻസുകളും മൊബൈൽ ക്ലിനിക്കുകളും ഫീൽഡ് ആശുപത്രിയും വഴി ഹാജിമാർക്ക് മന്ത്രാലയം സേവനങ്ങൾ നൽകി. വിദേശങ്ങളിൽ നിന്ന് എത്തിയ 16 ലക്ഷത്തിലേറെ ഹജ് തീർഥാടകരെ അതിർത്തി പ്രവേശന കവാടങ്ങളിൽ വെച്ച് പരിശോധിച്ചു. 
3,60,000 പേർക്ക് പോളിയോ മരുന്ന് നൽകി. ആഭ്യന്തര തീർഥാടകരിലും മക്ക, മദീന നിവാസികളിലും പെട്ട 4,80,000 പേർക്ക് സീസണൽ ഇൻഫഌവൻസക്കും മെനിഞ്ചൈറ്റിസിനും പ്രതിരോധ മരുന്നുകൾ നൽകി. രോഗം പരത്തുന്ന കൊതുകുകളില്ലെന്ന് ഉറപ്പു വരുത്തുന്നതിന് 12,000 ലേറെ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി. ഹൃദ്രോഗികളായ 579 ഹജ് തീർഥാടകർക്ക് ആഞ്ചിയോപ്ലാസ്റ്റിയും 36 പേർക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. വൃക്ക രോഗികൾക്ക് 2,056 ഡയാലിസിസുകൾ നടത്തി. 181 പേർക്ക് എൻഡോസ്‌കോപ്പികൾ നടത്തി. മക്കയിലെയും പുണ്യ സ്ഥലങ്ങളിലെയും ആശുപത്രികളിൽ വെച്ച് 12 വനിതാ തീർഥാടകർ പ്രസവിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും തീർഥാടകർക്ക് സംരക്ഷണം നൽകുന്നതിന് ഇടയാക്കും വിധം ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ആരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിലും സൗദി അറേബ്യ വിജയം വരിച്ചത് വ്യക്തമാക്കി ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോർട്ട് സംഘടനാ പ്രതിനിധിയിൽ നിന്ന് ചടങ്ങിൽ വെച്ച് ആരോഗ്യമന്ത്രി സ്വീകരിച്ചു. 
 

Latest News