Sorry, you need to enable JavaScript to visit this website.

ഹജ് ക്വാട്ട നിശ്ചയിക്കുന്നത് സൗദി ഒറ്റക്കല്ല -ഗവർണർ

മിനാ- വിദേശ രാജ്യങ്ങളുടെ ഹജ് ക്വാട്ട നിശ്ചയിക്കുന്നത് സൗദി അറേബ്യ ഒറ്റക്കല്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 
മിനായിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ വഴി മുസ്‌ലിം രാജ്യങ്ങൾ കൂട്ടായാണ് ഹജ് ക്വാട്ട നിശ്ചയിക്കുന്നത്. ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒരു ഹജ് വിസ എന്നതാണ് ഹജ് ക്വാട്ടയുടെ അടിസ്ഥാനം. 
ഈ വർഷം സൈനിക, സിവിൽ വകുപ്പുകൾക്കു കീഴിലെ രണ്ടര ലക്ഷത്തിലേറെ പേർ ഹജ് സേവന മേഖലയിൽ സേവനമനുഷ്ഠിച്ചു. മശാഇർ മെട്രോയിൽ 3,60,000 ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി. 18 ലക്ഷം ഹാജിമാർക്ക് 18,000 ബസുകളിൽ യാത്രാ സൗകര്യം നൽകി. ഹജ് ദിവസങ്ങളിൽ വൈദ്യുതി ലോഡ് 17,791 മെഗാവാട്ടിൽ അധികമായി ഉയർന്നു. ഹജ് കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നാലു കോടിയിലേറെ ഘനമീറ്റർ വെള്ളം പമ്പ് ചെയ്തു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം 23,000 ജീവനക്കാർ വഴി തീർഥാടകർക്ക് സേവനങ്ങൾ നൽകി. 
ഈ വർഷത്തെ ഹജിന് ഡോക്ടർമാരും നഴ്‌സുമാരും അടക്കം 32,000 ലേറെ ആരോഗ്യ പ്രവർത്തകർ പുണ്യ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും സമീപ പ്രദേശങ്ങളിലെയും 25 ആശുപത്രികളിൽ 5,000 ലേറെ കിടക്കയുണ്ട്. വൻകിട ആശുപത്രികൾക്കു പുറമെ, 135 ഹെൽത്ത് സെന്ററുകളും 106 ഫീൽഡ് സംഘങ്ങളും വഴി തീർഥാടകർക്ക് ആരോഗ്യ പരിചരണം നൽകി. 
പുണ്യ സ്ഥലങ്ങളുടെ വികസനത്തിന് സമഗ്ര പദ്ധതി തയാറാക്കി മക്ക പ്രവിശ്യ വികസന അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ ഹജ് സീസണ് മുമ്പായി പദ്ധതി നടപ്പാക്കി തുടങ്ങുമെന്നാണ് കരുതുന്നത്. സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയത് ഈ വർഷത്തെ ഹജ് വിജയകരമാക്കി മാറ്റുന്നതിന് ഏറെ സഹായകമായി. ഭാവിയിൽ ഹജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സാങ്കേതിക വിദ്യകൾ അവലംബിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. വിഷൻ-2030 പദ്ധതി പ്രകാരം പ്രതിവർഷം ഹജ് കർമം നിർവഹിക്കുന്നവരുടെ എണ്ണം 50 ലക്ഷമായി ഉയർത്തുന്നതിനാണ് ശ്രമം. 
ഈ വർഷം അനധികൃതമായി ഹജ് നിർവഹിച്ചവരുടെ എണ്ണം 1,10,000 ൽ കവിയില്ല. ആറു വർഷത്തിനിടെ അനധികൃത തീർഥാടകരുടെ എണ്ണം 93 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. ആറു വർഷം മുമ്പ് 14 ലക്ഷം പേർ അനധികൃതമായി ഹജ് നിർവഹിച്ചിരുന്നു. ഈ വർഷത്തെ ഹജ് സീസൺ അവസാനിച്ച് ആദ്യ ആഴ്ചക്കു ശേഷം അടുത്ത കൊല്ലത്തെ ഹജിനുള്ള ഒരുക്കങ്ങൾ സെൻട്രൽ ഹജ് കമ്മിറ്റി ആരംഭിക്കും. 
ഹജ് സംഘാടന മേഖലയിൽ വലിയ വിജയങ്ങൾ കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ മികച്ച വിജയങ്ങൾ നേടുന്നതിനാണ് ശ്രമം. ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഹജ് തീർഥാടകരെയും സ്വീകരിക്കുന്നതിനുള്ള സന്നദ്ധത സൗദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ഈ വർഷം 86,000 പേർ ഹജിനെത്തിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാർ ഹജ് നിർവഹിക്കുന്നത് ഖത്തർ വിലക്കി. എന്നിട്ടും ചില ഖത്തരികൾ ഹജ് നിർവഹിക്കുന്നതിന് എത്തിയതായും മക്ക ഗവർണർ പറഞ്ഞു. ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നന്ദി പറഞ്ഞു.
 

Latest News