Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ച് ശതമാനം വോട്ട് കൂട്ടിയാല്‍ മൂന്നു സീറ്റ് ലഭിക്കും, കണക്കുകൂട്ടലില്‍ ബി.ജെ.പി

കോഴിക്കോട്- അഞ്ചു ശതമാനം വോട്ട് കൂട്ടാനായാല്‍ മൂന്നു മുതല്‍ അഞ്ചുവരെ ലോക്‌സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് ബി.ജെ.പി.യുടെ കണക്ക്. 2019ല്‍ ലഭിച്ചതാണ് ബി.ജെ.പി.യുടെ കേരളത്തിലെ ഏറ്റവും മികച്ച വോട്ടിംഗ് ശതമാനം. ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു.
ഒടുവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അഞ്ച് മണ്ഡലങ്ങളില്‍ 20 ശതമാനത്തിലേറെ വോട്ട് നേടി.തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനും (31.3%),പത്തനംതിട്ട (28.97), തൃശൂര്‍ (28.20), ആറ്റിങ്ങല്‍ (24.69), പാലക്കാട് (21.26) എന്നിവിടങ്ങളില്‍ ഏതാണ്ട് ത്രികോണ മത്സരം സൃഷ്ടിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും തൃശൂരില്‍ സുരേഷ്‌ഗോപിയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പാലക്കാട്ട് സി. കൃഷ്ണകുമാറുമാണ് ജനവിധി തേടിയത്. ഈ മണ്ഡലങ്ങളില്‍ നാലോ അഞ്ചോ ശതമാനം വോട്ട് വര്‍ധിപ്പിക്കാനായാല്‍ വിജയം കൈവരിക്കാനാകുമെന്നാണ് ബി.ജെ.പി.യുടെ കണക്ക് കൂട്ടല്‍. തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
ലോക്‌സഭയിലേക്കും നിയമസഭയിലേക്കും രണ്ടു തരം വോട്ടിംഗ് രീതി കേരളത്തിലുണ്ട്. 1999ല്‍ ലോക്‌സഭയിലേക്ക്  6.06ശതമാനം വോട്ട് ലഭിച്ച ബി.ജെ.പി സഖ്യത്തിന് 2004ല്‍ 12.09 ശതമാനമായി വോട്ട് കൂടി. 2009ല്‍ ഇത് 6.44 ശതമാനമായി കുറയുകയും ചെയ്തു. ബി.ജെ.പി. ഭരണത്തിലേറിയ തെരഞ്ഞെടുപ്പായിരുന്നു 1999ലെതെങ്കിലും 2014ലേത് ബി.ജെ.പി. ഭരണം തുടരുമെന്ന പ്രതീക്ഷക്കൊപ്പമായിരുന്നു. ബി.ജെ.പി. മുന്നണി സ്ഥാനാര്‍ഥിയായ പി.സി. തോമസ് മൂവാറ്റുപുഴയില്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് തുടര്‍ച്ചയായി മത്സരിച്ച ഇവിടെ കെ.എം. മാണിയുടെ പുത്രന്‍ ജോസ് കെ. മാണി കന്നി അങ്കത്തിനിറങ്ങിയതായിരുന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.സി.യുടെ ജയം. ക്രിസ്ത്യന്‍ മത ചിഹ്നങ്ങളെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പി.സി. തോമസിന്റെ ഈ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. 2014നെ അപേക്ഷിച്ച് അഞ്ചു ശതമാനം വോട്ടാണ് ബി.ജെ.പി.ക്ക് 2019ല്‍ കേരളത്തില്‍ വര്‍ധിച്ചത്.
ലോക്‌സഭയിലേക്ക് ഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനാണ് കേരളത്തില്‍ നേട്ടം. 2019, 2014, 2009 എന്നീ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഭൂരിപക്ഷം സീറ്റുകള്‍ നേടിയപ്പോള്‍ 2004ല്‍ യു.ഡി.എഫ് ദയനീയമായി തോറ്റു. 18 സീറ്റ് ഇടതുമുന്നണി നേടി.യു.ഡി.എഫിന് കിട്ടിയത് മുസ്‌ലിംലീഗിന്റെ പൊന്നാനി മാത്രമായിരുന്നു.
2014ലെ മൂവാറ്റുപുഴയില്‍ എന്‍.ഡി.എ. ജയിക്കുക മാത്രമല്ല തിരുവനന്തപുരത്ത് ബി.ജെ.പി.യിലെ ഒ. രാജഗോപാലന് 2.5 ലക്ഷം വോട്ട് ലഭിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ആറു മാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന സി.കെ. പദ്മനാഭന് അര ലക്ഷം വോട്ട് പോലും ലഭിച്ചില്ല. 20 ശതമാനത്തിലേറെ വോട്ട് കിട്ടിയ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വോട്ടുകള്‍ ഏറിയും കുറഞ്ഞുമിരുന്നുവെങ്കിലും വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഭരണം ലഭിക്കാനുള്ള സാധ്യതയില്ലായ്മയും യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്കിടയിലായി ജനവികാരം വിഭജിക്കുന്നതുമാണ് നിയമസഭയിലേക്ക് ബി.ജെ.പി.ക്ക് വോട്ട് കുറയാന്‍ കാരണം. ഇടതുപക്ഷത്തിന് ലോക്‌സഭയിലേക്ക് വോട്ടു കുറയുന്നതിന് കാരണവും ഇതാണ്. ഇടതുപക്ഷം ജയിച്ചാലും കോണ്‍ഗ്രസിനെയാണ് ഡല്‍ഹിയിലെത്തിയാല്‍ പിന്തുണക്കേണ്ടതെന്നിരിക്കെ കോണ്‍ഗ്രസുകാരെ തന്നെ ജയിപ്പിക്കുന്നതിനനുകൂലമായി ജനം ചിന്തിക്കുന്നു.  

ബി.ജെ.പി.ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍  ലഭിച്ച വോട്ട്. ബ്രാക്കറ്റില്‍ ശതമാനം:
1984 191120  (1.75)
1989 672441 (4.51)
1991 656945  ( 4.61)
1996  894843  ( 6.22)
1998  1192046 ( 8.02)
1999  1008047( 6.06)
2004  1824177 (12.09)
2009  1031274 ( 6.44)
2014  1944204  (10.81)
2019  3171792  (15.56)

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട്.

1982  263331   (2.75)
1987 706339 (5.49)
1991 674443 (4.067)
1996 781090 (5.47)
2001 789762 (5.02)
2006 750948 (4.83)
2011 1058504 (6.06)
2016 3020886 (14.93)
2021 2601069 (12.48)
----------

 

Latest News