Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

2024: നിരാശയെന്തിന്? 

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് മുൻതൂക്കം ലഭിച്ചെങ്കിലും 2024 പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം എഴുതിത്തള്ളപ്പെട്ടു എന്ന വാദം നിരർഥകമാണ്. ഈ സംസ്ഥാനങ്ങളിൽ വൻനേട്ടം ലഭിക്കുമെന്ന് പ്രതിപക്ഷം കരുതിയിട്ടില്ല. ബംഗാളിൽ, കർണാടകയിൽ, മഹാരാഷ്ട്രയിൽ ഒക്കെ അഭൂതപൂർവമായ തളർച്ചയാണ് ബി.ജെ.പി നേരിടുന്നത്. ബിഹാറും ഉത്തർപ്രദേശും പ്രതിപക്ഷത്തിന് മെച്ചപ്പെട്ട ഫലങ്ങൾ നൽകും. 


2024 പുലർന്നപ്പോൾ ഇന്ത്യയിലെ മതേതര, ജനാധിപത്യ വിശ്വാസികളുടെ ഏറ്റവും വലിയ ആശങ്ക ഇക്കൊല്ലം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ലഭിച്ച മേൽക്കൈ, ഇക്കൊല്ലം മേയിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനായാസം വിജയത്തിലേക്ക് നടന്നടുക്കുന്നു എന്ന സൂചനയായി എല്ലാവരും വിലയിരുത്തി. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷം ആശങ്കയിലായ ബി.ജെ.പിക്ക് വർധിത വീര്യം പകർന്നു നൽകുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം എന്നതിൽ സംശയമില്ല. അയോധ്യയിലെ രാമപ്രതിഷ്ഠ, പൗരത്വ ഭേദഗതി നടപ്പാക്കാനുള്ള നീക്കം തുടങ്ങിയവയിലൂടെ വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള പദ്ധതികളുമായി പൊതുതെരഞ്ഞെടുപ്പിന് അവർ ഒരുങ്ങിക്കഴിഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും 2024-ൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും തിരിച്ചടിയാണ് എന്നതിൽ സംശയമില്ല. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയം കോൺഗ്രസിന്റെ ചരിത്രപരമായ തിരിച്ചുവരവ് എന്ന സാധ്യതയെ അതിജീവിക്കുന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് ബി.ജെ.പിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കുന്നു. എന്നാൽ ഗോദി മീഡിയയുടെ ആവേശത്തുള്ളലുകൾക്ക് അനുസൃതമല്ല യാഥാർഥ്യങ്ങളെന്നുകൂടി നാം മനസ്സിലാക്കണം. തെലങ്കാന അടക്കം നാല് സംസ്ഥാനങ്ങളിലെ ഫലം നേരത്തെയുളള കണക്കുകൂട്ടലുകളിൽനിന്ന് വലിയ തോതിൽ വ്യത്യാസപ്പെടുന്നില്ല എന്നതാണ് ഈ വിലയിരുത്തലിന് കാരണം. 

ബി.ജെ.പിയുടെ 3-1 വിജയം കേന്ദ്ര ഭരണത്തിന് ലഭിച്ച  അംഗീകാരമാണെന്ന് വിലയിരുത്തുന്നതിനു മുമ്പ്, ഈ സംസ്ഥാനങ്ങളിലെ രണ്ട് പ്രമുഖ പാർട്ടികളുടെയും വോട്ടുകൾ നമുക്ക് കൂട്ടിച്ചേർക്കാം. പോൾ ചെയ്ത 12.29 കോടി വോട്ടുകളിൽ ബി.ജെ.പി 4.82 കോടിയും കോൺഗ്രസ് 4.92 കോടിയും (ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളേയും കൂടി ഉൾപ്പെടുത്തിയാൽ 5.06 കോടി) നേടി. മധ്യപ്രദേശിൽ ഒഴികെ, ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പിയുടെ വിജയത്തിന്റെ മാർജിൻ വളരെ കുറവാണ്. തെലങ്കാനയിൽ ബി.ജെ.പിയെക്കാൾ കോൺഗ്രസിന്റെ ലീഡ് ബാക്കിയുള്ളതിന്റെ കുറവ് നികത്താൻ പര്യാപ്തമാണ്. അതിനാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വലിയ ജനസമ്മതി ലഭിച്ചിട്ടില്ലെന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധൻ യോഗേന്ദ്രയാദവ് വിലയിരുത്തിയത്.

ഈ വോട്ടുകൾ പാർലമെന്റ് സീറ്റുകളാക്കി മാറ്റിയാൽ കോൺഗ്രസിനാണ് നേട്ടമെന്നും അദ്ദേഹം കണക്കാക്കുന്നു. ഈ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ 83 സീറ്റുകളാണുള്ളത്, അതിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 65 ഉം കോൺഗ്രസിന് 6 സീറ്റുകളും മാത്രമാണ് ലഭിച്ചത്. ഈ സംസ്ഥാനങ്ങളിലെ പൗരന്മാർ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചെയ്ത അതേ രീതിയിൽ തന്നെ അടുത്ത വർഷവും വോട്ട് ചെയ്യുമെന്ന് കരുതുക. നേട്ടം കോൺഗ്രസിന്  ആയിരിക്കും, ബി.ജെ.പിക്കല്ല. 2019 ൽ പുൽവാമ സംഭവത്തിന് ശേഷം ലഭിച്ച പിന്തുണയേക്കാൾ താഴെയാണ് ബി.ജെ.പിയുടെ പ്രകടനം. ഓരോ പാർലമെന്റ് സീറ്റിലെയും നിയമസഭാ അടിസ്ഥാനത്തിലുള്ള വോട്ടുകൾകൂടി ചേർത്താൽ മധ്യപ്രദേശിൽ ബി.ജെ.പിക്ക് 24 ഉം കോൺഗ്രസിന് അഞ്ചും ആയിരിക്കും (2019 ലെ 28-1 നെ അപേക്ഷിച്ച് മെച്ചം). ഛത്തീസ്ഗഢിൽ ബി.ജെ.പിക്ക് എട്ടും കോൺഗ്രസിന് മൂന്നും (2019ൽ 9-2), രാജസ്ഥാനിൽ ബി.ജെ.പി.ക്കു 14, കോൺഗ്രസിന് 11 (2019ൽ 24-0), തെലങ്കാനയിൽ ബി.ജെ.പി.ക്ക് പൂജ്യവും കോൺഗ്രസിന് ഒമ്പതും (2019ൽ 4-3). ബി.ജെ.പിക്ക് 46 സീറ്റുകളും (19 സീറ്റുകളുടെ നഷ്ടം) കോൺഗ്രസിന് 28 സീറ്റുകളും (22 സീറ്റുകളുടെ നേട്ടം) എന്നാണ് ഇതിന്റെ അർഥം. ഇന്ത്യ സഖ്യകക്ഷികളുടെ വോട്ടുകൾ ലയിപ്പിച്ചാൽ ബി.ജെ.പിക്ക് 38 സീറ്റും ഇന്ത്യക്ക് 36 സീറ്റും ലഭിക്കും. ഈ സാങ്കൽപിക കണക്കുകൂട്ടൽ ബി.ജെ.പി വിജയം ഉറപ്പിച്ചു എന്ന ആശയത്തിന് വിരാമമിടുന്നതായി യോഗേന്ദ്രയാദവ് പറയുന്നു.
ലോക്സഭാ ഫലം നിയമസഭാ വിധിയുടെ ആവർത്തനമായിരിക്കില്ല എന്ന വാദം പരിഗണിക്കാം. അത് ശരിയുമാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽ കോൺഗ്രസിനും കഴിയും. സമീപകാല തെരഞ്ഞെടുപ്പുകളുടെ ഫലം ബി.ജെ.പിയുടെ വിജയം ഉറപ്പിക്കുന്നതിനുള്ള അടിസ്ഥാനമല്ല. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ വോട്ടുകൾ മെച്ചപ്പെടുത്താൻ ബി.ജെ.പി ബാധ്യസ്ഥരാണെന്ന ആശയം 2019 ലെ ബാലാകോട്ട് ആക്രമണം പോലെയുള്ള സാധ്യതയെക്കുറിച്ച് സംശയം വർധിപ്പിക്കുന്നു. അയോധ്യ നീക്കത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നതും അതാണ്. 

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബി.ജെ.പി കൂടുതൽ മെച്ചപ്പെടുകയും കഴിഞ്ഞ തവണത്തെ പോലെ ലോക്സഭയിൽ മൂന്ന് ഹിന്ദി സംസ്ഥാനങ്ങളും തൂത്തുവാരുകയും ചെയ്യുമെന്ന് കരുതുക. ഗുജറാത്ത്, ദൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഈ തൂത്തുവാരൽ വ്യാപിക്കുമെന്ന് കരുതുക. അത് കോൺഗ്രസിന് വിനയാകുമോ..  ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേരത്തെ തന്നെ ഒരു സാച്ചുറേഷൻ ലെവലിൽ എത്തിയിരുന്നു. ഇവിടെ തൂത്തുവാരിയാൽ പോലും ബി.ജെ.പിക്ക് അത് മതിയാകില്ല. പ്രതിപക്ഷത്തിന്റെ 2024 ലെ ഗെയിം പ്ലാൻ ഈ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതല്ല.

2019 ൽ ബി.ജെ.പി 303 സീറ്റുകൾ നേടി, കേവല ഭൂരിപക്ഷത്തേക്കാൾ 30 സീറ്റുകൾ കൂടുതൽ. ബംഗാളിൽ, കർണാടകയിൽ, മഹാരാഷ്ട്രയിൽ ഒക്കെ അഭൂതപൂർവമായ തളർച്ചയാണ് ബി.ജെ.പി നേരിടുന്നത്. ബിഹാറും ഉത്തർപ്രദേശും പ്രതിപക്ഷത്തിന് മെച്ചപ്പെട്ട ഫലങ്ങൾ നൽകും. (2022 ലെ നിയമസഭാ ഫലം ആവർത്തിച്ചാൽ പോലും ബി.ജെ.പിക്ക് യു.പിയിൽ 10 സീറ്റുകൾ നഷ്ടപ്പെടും). ഹിമാചൽ പ്രദേശ്, ഹരിയാന, തെലങ്കാന, അസം എന്നിവിടങ്ങളിലും ബി.ജെ.പിക്ക് നഷ്ടം ഉറപ്പാണ്. ആ നഷ്ടം 30 കവിയുമെന്ന് ഉറപ്പാണ്. 
ബി.ജെ.പിയുടെ നഷ്ടങ്ങൾ ഉൾക്കൊള്ളാനോ നികത്താനോ ഒരു വഴിയുമില്ലെന്ന് ഇതിന് അർഥമില്ല. 2024 തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഇപ്പോൾ തന്നെ വിജയം നൽകിക്കഴിഞ്ഞു എന്ന വാദം നിർഥകമാണ് എന്ന് സൂചിപ്പിക്കുക മാത്രം.  മനഃശാസ്ത്ര യുദ്ധത്തിന് പ്രതിപക്ഷം കീഴടങ്ങി, മത്സരം തുടങ്ങും മുമ്പ് വാക്കോവർ നൽകിയില്ലെങ്കിൽ അവർക്ക് ഇനിയും അവസരമുണ്ട്.

Latest News