Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി മുഖ്യമന്ത്രിയായിരിക്കെ പാക്കിസ്ഥാനിൽനിന്ന് വരെ സഹായം വാങ്ങി

ന്യൂദൽഹി- പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് വിദേശരാജ്യങ്ങളിൽനിന്ന് സഹായം സ്വീകരിക്കാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാക്കിസ്ഥാനിൽനിന്നുവരെ സഹായം സ്വീകരിച്ചു. ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോൾ പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഭക്ഷണവും വസ്ത്രങ്ങളും അടക്കമുള്ള ദുരിതാശ്വാസ സഹായം എത്തിയത്. അമേരിക്കയും ഇംഗ്ലണ്ടും കോടിക്കണക്കിന് ഡോളർ നൽകി സഹായിച്ചു. ലോകാരോഗ്യ സംഘടനയും നിരവധി വിദേശ സന്നദ്ധ സംഘടനകളും അന്ന് സഹായം എത്തിച്ചിരുന്നു. 2016ൽ പ്രധാനമന്ത്രി മോഡി തന്നെ അംഗീകരിച്ച നയരേഖയിൽ വിദേശ സഹായം പാടേ വിലക്കുന്നില്ല. ഗുജറാത്തിൽ ഭൂകമ്പം ഉണ്ടായപ്പോൾ കോടിക്കണക്കിന് ഡോളറിന്റെ വിദേശ സഹായമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 
ഇതിനെല്ലാം പുറമേ, ഇന്ത്യ ഇതിന് മുമ്പ് പലതവണ വിദേശ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചതിന്റെയും നേരിട്ടും അല്ലാതെയും വാങ്ങിയിട്ടുണ്ടെന്നതിന്റെയും തെളിവുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ തന്നെ ലഭ്യമാണ്. 2001 ജനുവരിയിൽ ഗുജറാത്തിലുണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് കേന്ദ്രത്തിലെ എ.ബി വാജ്‌പേയി സർക്കാർ രാജ്യത്തിനകത്തും പുറത്തുമുള്ള സമൂഹത്തോട് സഹായം അഭ്യർഥിക്കുകയും കോടികളുടെ സഹായം സ്വീകരിക്കുകയും ചെയ്തതിന്റെ തെളിവുകളും ഈ വെബ്‌സൈറ്റിലുണ്ട്. പ്രധാനമന്ത്രി വാജ്‌പേയി ദുരിതാശ്വാസ സംഭാവനകൾ അഭ്യർത്ഥിച്ച് വിദേശ രാജ്യങ്ങൾക്ക് എഴുതിയ കത്തും പുറത്തു വന്നു. ഇന്ത്യയുടെ സഹായാഭ്യർഥന മാനിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് വൻതോതിലുള്ള അനുകൂല പ്രതികരണങ്ങളാണ് അന്ന് ലഭിച്ചിരുന്നത്. ഓസ്‌ട്രേലിയ പല തവണയായി 25 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന്റെ സഹായം നൽകി. ആദ്യം 1,000,000 ഡോളറാണ് പ്രഖ്യാപിച്ചത്. ഇത് യു.എൻ വഴി നൽകുമെന്നും അറിയിച്ചു. പിന്നീട് 15 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ കൂടി നൽകി. ഇത് ഒരു സന്നദ്ധ സംഘടന വഴിയാണ് നൽകിയത്. ഇതുകൂടാതെ ധാരാളം വസ്ത്രങ്ങളും മരുന്നും ഓസ്‌ട്രേലിയ നൽകി. 
ഓസ്ട്രിയയും ഉദാരമായ സംഭാവനയാണ് ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസത്തിന് നൽകിയത്. 330,000 യൂറോയാണ് ഓസ്ട്രിയ പണമായി മാത്രം നൽകിയത്. കാരിറ്റാസ് ഓസ്ട്രിയ എന്ന സംഘടന 75,000 യൂറോ സഹായ ധനമായി നൽകി. അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും വരെ ഗുജറാത്ത് ഭൂകമ്പ സമയത്ത് ഇന്ത്യയെ സഹായിച്ചു. 'മുഖ്യശത്രു' രാജ്യമായ പാകിസ്ഥാൻ ബ്ലാങ്കറ്റും ഭക്ഷണ സാധനങ്ങളും അടക്കം 13 ടൺ സാമഗ്രികളാണ് ഗുജറാത്തിന് നൽകിയത്. ചൈന 602,000 അമേരിക്കൻ ഡോളർ ധനസഹായം നൽകിയപ്പോൾ ബംഗ്ലാദേശ് 20,000 ടൺ അരിയും 12 അംഗ മെഡിക്കൽ സംഘത്തെയും ഗുജറാത്തിലേക്ക് അയച്ചിരുന്നു. 
ബൽജിയം 920,000 ഡോളറിന്റെ സാമ്പത്തിക സഹായം നൽകി. ഭൂട്ടാൻ സർക്കാർ രണ്ട് കോടി സഹായധനമായി നൽകി. ബോട്‌സ്വാന 20,000 യു.എസ് ഡോളർ സഹായമായി അയച്ചു. ക്യൂബ 10 ലക്ഷം യു.എസ് ഡോളറാണ് അയച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ സഹായമായി 50,000 യു.എസ് ഡോളറാണ് എത്തിയത്. ഡെൻമാർക്ക് മൊത്തം 2,434,000 യുഎസ് ഡോളറിന്റെ സഹായം നൽകി. ഇതിൽ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ഹോങ്കോങ്ങിലെ ഇന്ത്യൻ സമൂഹം 31,45,441.74 രൂപയാണ് സഹായമായി ഇന്ത്യയിലേക്ക് അയച്ചു. 3,00,000 ഡോളറാണ് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് സഹായധനമായി യുണിസെഫ് വഴി ഒഴുകിയത്. 420 ദശലക്ഷം ജാപ്പനീസ് യെൻ ആണ് (17 കോടി രൂപ) ജപ്പാൻ സഹായമായി നൽകിയത്.  250,000 ഡോളറിന്റെ ധനസഹായമാണ് കുവൈത്തിൽനിന്നും ലഭിച്ചത്. മാലിദ്വീപിൽ നിന്നുള്ള 25,000 ഡോളറിന്റെ ചെക്ക് പ്രത്യേക ദൂതൻ വന്ന് നേരിട്ട് കൈമാറുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മലേഷ്യയും പ്രത്യേക ദുതൻ വഴ 100,000 ഡോളർ കൈമാറി. മൗറീഷ്യസ് പ്രധാനമന്ത്രിയും 30 ലക്ഷം രൂപയുടെ ധനസഹായം ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തു. 
ന്യൂസിലാന്റ് 200,000 അമേരിക്കൻ ഡോളറിന്റെ സഹായം നൽകി. തായ്‌വാൻ 100,000 ഡോളർ ധനസഹായം ചെയ്തപ്പോൾ ബ്രിട്ടൻ 10 ദശലക്ഷം പൗണ്ടാണ് ഗുജറാത്തിന് നൽകിയത്. യുഎഇ, സൗദി അറേബ്യ, വിയറ്റനാം അടക്കം വലുതും ചെറുതുമായ നിരവധി രാജ്യങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോടികളുടെ സഹായം ഗുജറാത്തിലേക്ക് ഒഴുക്കിയത്. 
അതേസമയം, 2004 ഡിസംബറിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന് ഒന്നാം യു.പി.എ സർക്കാരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം സ്വീകരിച്ചതെന്നാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ, ഇത്തരം നയങ്ങൾ സാഹചര്യത്തിന് അനുസരിച്ച് മാറ്റാവുന്നതാണെന്നാണ് പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. 
അതിനിടെ, കേന്ദ്രസർക്കാർ നിലപാടിനെതിരെ വിദഗ്ധർ രംഗത്ത്. നിലവിലുള്ള നിയമത്തെ ദുർവ്യാഖ്യാനിച്ചാണ് കേരളത്തിനുള്ള സഹായം തടയുന്നതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദുരന്തനിവാരണത്തിന് സഹായം സ്വീകരിക്കേണ്ട എന്ന നിലപാടിനെ പുനരധിവാസത്തിനും സഹായം സ്വീകരിക്കേണ്ട എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു കേന്ദ്രം.  
പുനരധിവാസത്തിനായി വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കർ മേനോൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേരളത്തിലെ ദുരിത സാഹചര്യത്തിന്റെ വ്യാപ്തി കൂടി കണക്കിലെടുത്താകണമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. പുനരധിവാസത്തിനായി സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ അഭിപ്രായം. 
ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട എന്നത് മൻമോഹൻ സിംഗിന്റെ കാലത്ത് എടുത്ത നയപരമായ തീരുമാനം ആണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 

Latest News