Sorry, you need to enable JavaScript to visit this website.

മനുഷ്യരില്‍ ആദ്യ നിപ വൈറസ് വാക്‌സിന്‍ പരീക്ഷണം തുടങ്ങി 

ഓക്സ്ഫോഡ്- നിപ്പ വൈറസിനെതിരെ പരീക്ഷണാത്മക വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയതായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാല . മാരകമായ വൈറസിന് ഇതുവരെ വാക്സിന്‍ കണ്ട് പിടിച്ചിരുന്നില്ല. ഏകദേശം 25 വര്‍ഷം മുമ്പ് മലേഷ്യയിലാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് അടിസ്ഥാനത്തില്‍ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി വൈറസ് വാക്സിന്‍ നല്‍കിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിന്‍ പരീക്ഷണത്തിന് ഉപയോഗിച്ച അതേ ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.
നിലവില്‍ 51 പേരിലാണ് വാക്സിന്‍ പരീക്ഷണം നടക്കുന്നത്. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂണിവേഴ്സിറ്റി അറിയിച്ചു. ഇപ്പോള്‍ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷണം.
ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ആഗോള കൂട്ടായ്മയായ സിഇപിഐയാണ് ധനസഹായം നല്‍കുന്നത്. 2022-ല്‍ മോഡേണയും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസുമായി സഹകരിച്ച് വികസിപ്പിച്ച നിപാ വൈറസ് വാക്‌സിന്റെ പ്രാരംഭ ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.

Latest News