Sorry, you need to enable JavaScript to visit this website.

ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിത  ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു, പ്രതിഷേധം 

ഹൈദരാബാദ്-ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിത ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥിനികള്‍. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പലര്‍ക്കും വയര്‍ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
എക്സില്‍ ഒരു വിദ്യാര്‍ത്ഥിനി സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു. ഇരുപത്തിയൊന്നായിരത്തിന് മേലെ ആളുകള്‍ ട്വിറ്റ് ഇതിനകം കണ്ടു. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സൂര്യ ഇങ്ങനെ എഴുതി, 'ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ പുഴിക്കളുണ്ടെന്ന് ആരോപിച്ച് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ അംബര്‍പേട്ടിലെ വനിതാ ഹോസ്റ്റല്‍ കോംപ്ലക്സിന് മുന്നില്‍ പ്രതിഷേധിച്ചു. ചിലര്‍ക്ക് വയര്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടായി. മൂന്ന് മാസമായി അധികാരികള്‍ ഇത് അവഗണിക്കുകയായിരുന്നു.' ഏതാണ്ട് പത്തിനും ഇരുപതിനും ഇടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 'നവംബര്‍ മുതല്‍ ഈ പ്രശ്നമുണ്ട്. ഭക്ഷണമുണ്ടാക്കാായി ഒരേ എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഡയറക്ടറെ അറിയിച്ചപ്പോള്‍ അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഭക്ഷണത്തില്‍ നിന്നും പുഴുക്കളെ കണ്ടെത്തുന്നു.' ഒരു വിദ്യാര്‍ത്ഥി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.


 

Latest News