യുപി സര്‍ക്കാര്‍ കോടതിയുടെ വിലപ്പെട്ട സമയം  പാഴാക്കി, കാല്‍ ലക്ഷം രൂപ പിഴ അടക്കണം 

ലഖ്‌നൗ-കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി. രജിത് റാം വര്‍മ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് യുപി സര്‍ക്കാരിനെതിരെ ജസ്റ്റിസ് അബ്ദുള്‍ മോയിന്‍ ഉത്തരവിട്ടത്. ആയുധ നിയമവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കേസില്‍ സംസ്ഥാനം നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ മറുപടിക്ക് പിന്നാലെ, ഹര്‍ജിക്കാരന്‍ തന്റെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുകയും കോടതി അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.
കേസില്‍ ഏകദേശം 10 മിനിറ്റോളം വാദിച്ച ശേഷം, 1959 ലെ ആയുധ നിയമത്തിലെ വ്യവസ്ഥകളും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഉദ്ധരിച്ച വിധികളും കോടതി പരിശോധിച്ചു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളും കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന അഭിഭാഷകന്‍ വിഷയം പഠിക്കാന്‍ കുറച്ചു സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.
വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിക്കാനായി 10 മിനിറ്റോളം ചെലവാക്കിയതിനാണ് കോടതി പിഴയിട്ടത്. ഏകദേശം 10 മിനിറ്റോളം വാദം കേട്ടതിന് ശേഷം കേസ് മാറ്റിവച്ചതിനാല്‍, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ അഭിഭാഷകന്റെ പേരില്‍ 25,000 രൂപ പിഴ ചുമത്തുന്നുവെന്ന് കോടതി അറിയിച്ചു. കേസ് എടുത്ത ഉടന്‍ തന്നെ സ്റ്റാന്‍ഡിംഗ് കൗണ്‍സലിന് വിഷയം പഠിക്കാനുള്ള അഭ്യര്‍ത്ഥന നടത്താമായിരുന്നു. എന്നാല്‍, അത് ചെയ്യാതെ 10 മിനിറ്റ് വാദത്തിന് ശേഷം വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിച്ചത് സമയം കളയലാണെന്നും കോടതി വ്യക്തമാക്കി.

Latest News