Sorry, you need to enable JavaScript to visit this website.

സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും  കൂടുതല്‍ ഈ ജില്ലയില്‍-അഡ്വ.പി സതീദേവി 

കൊല്ലം- കേരളത്തില്‍ സ്ത്രീധനത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം നേരിടേണ്ടി വരുന്ന തെക്കന്‍ കേരളത്തിലാണ്. സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കൊല്ലത്ത് ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീദേവി. 
പെണ്‍കുട്ടികള്‍ ഭര്‍തൃവീട്ടില്‍ എന്തെങ്കിലും വേദന അനുവഭിക്കുന്നുണ്ടോയെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മാതാപിതാക്കളേയും അവര്‍ വിമര്‍ശിച്ചു. പെണ്‍കുട്ടികളെ ഒരു ബാദ്ധ്യതയായി കാണുന്നതാണ് സമൂഹത്തിന്റെ രീതിയെന്നും മക്കള്‍ക്ക് ഉയര്‍ന്ന സ്ത്രീധനം നല്‍കിയെന്ന് വീമ്പ് പറയുന്ന മാതാപിതാക്കളേയും കാണാന്‍ കഴിയുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്ര പവന്‍ നല്‍കി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കും. സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാന്‍ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണമെന്നും സതീദേവി പറഞ്ഞു.
'ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മര്‍ദനം ഉള്‍പ്പെടെ പീഡനം സഹിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടു മൂലം പെണ്‍കുട്ടികളുടെ ജീവിതം താറുമാറാകും. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ജീവിതം സംബന്ധിച്ച് പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്' - സതീദേവി പറഞ്ഞു.


 

Latest News