Sorry, you need to enable JavaScript to visit this website.

തൊടുപുഴയില്‍ വിമതവിഭാഗം മുട്ടുമടക്കി; യൂത്ത് ലീഗ് മാര്‍ച്ച് സമാധാനപരം

തൊടുപുഴ-തടയുമെന്ന് ഭീഷണി മുഴക്കിയ പാര്‍ട്ടിയിലെ വിമത പക്ഷം മുട്ടുമടക്കിയതോടെ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് സമാധാനപരമായി നടന്നു. വിഭാഗീയതയുടെ പേരില്‍ പുറത്താക്കിയ അഞ്ച് യൂത്ത് ലീഗ് ഭാരവാഹികളെ തിരിച്ചു എടുത്തുകൊണ്ട് രേഖാമൂലമുളള അറിയിപ്പ് ഇന്നലെ രണ്ട് മണിക്ക് മുമ്പ് കിട്ടിയില്ലെങ്കില്‍ മാര്‍ച്ച് തടയുമെന്ന പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയുടെ പക്ഷക്കാരെ ആ പ്രദേശത്തെങ്ങും കണ്ടില്ല. സംഘര്‍ഷ സാധ്യത പ്രതീക്ഷിച്ച് മാധ്യമ സംഘം എത്തിയിരുന്നെങ്കിലും വിമത നേതാക്കളെ ഫോണില്‍ പോലും കിട്ടിയില്ലെന്നാണ് വിവരം.  രേഖാമൂലം കിട്ടിയില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ വാക്കാലുളള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിന്‍വാങ്ങിയതെന്നാണ് വിമത വിഭാഗം പറയുന്നതെങ്കിലും ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
പട്ടയം കവലയില്‍ നിന്നും മൂന്നു മണിയോടെ ആരംഭിച്ച മാര്‍ച്ച്  വെങ്ങല്ലൂരില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. തടയാന്‍ മുതിര്‍ന്നില്ലെങ്കിലും മാര്‍ച്ച് ബഹിഷ്‌ക്കരിച്ചുവെന്നും ഇനിയും പ്രതിഷേധം തുടരുമെന്നും വിമത നേതാക്കള്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാമിന്റെയും സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാംസുന്ദറിന്റെയും കടുത്ത നിലപാടാണ് വിമതവിഭാഗത്തെ പിന്നോട്ട് വലിപ്പിച്ചതെന്നാണ് വിവരം. 21ന് കോഴിക്കോട്ട് നടക്കുന്ന യൂത്ത് ലീഗ് മഹാറാലിയുടെ പ്രചരണാര്‍ഥമായിരുന്നു യൂത്ത് മാര്‍ച്ച്.
കഴിഞ്ഞ ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച ശക്തമായ ഗ്രൂപ്പിസമാണ് അടുത്ത നാളില്‍ തെരുവിലെത്തിയത്. എസ് .ടി. യു സംസ്ഥാന ജാഥയുടെ വണ്ണപ്പുറത്തെ സ്വീകരണ പരിപാടിക്കിടെ ജില്ലാ പ്രസിഡന്റ് കെ. എം. എ ഷുക്കൂറിനെ എതിര്‍വിഭാഗം കൈയേറ്റം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ. എം നിഷാദ്, സെക്രട്ടറി പി. ബി ഷെരീഫ് അടക്കമുളളവരെ സസ്പെന്റ് ചെയ്തിരുന്നു.ഇതിന് ശേഷം തൊടുപുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസ് ഇരുവിഭാഗവും വെവ്വേറെ താഴിട്ട് പൂട്ടി. ഉണ്ടപ്ലാവില്‍ കാരുണ്യം പദ്ധതിയുടെ ബാനറില്‍ ഇരുപക്ഷവും വെവ്വേറേ ഓഫീസ് തുറക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് പലപ്പോഴും ഗ്രൂപ്പിസത്തിന്റെ പേരിലുളള ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്.

 

Latest News