ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ആലപ്പുഴ-  ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണര്‍കാട്, മാലം, താഴത്തെ മുറിയില്‍ വീട്ടില്‍ കുര്യന്‍മാത്യു (ബിബിന്‍-38)വിനെയാണ് മാന്നാര്‍ പൊലീസ് പിടികൂടിയത്. ഒമാന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ്  എണ്ണയ്ക്കാട് സ്വദേശികളായ നാലു പേരില്‍നിന്നായി 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
പണം നല്‍കിയവര്‍ ഫോണില്‍ പലതവണ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാതെ വന്നതോടെ മറ്റൊരു നമ്പറില്‍നിന്ന് വിളിച്ച് കുര്യന്‍ മാത്യുവിനോട് വിസ ആവശ്യപ്പെടുകയും ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുതിത്തുകയുമായിരുന്നു. മാന്നാറില്‍ എത്തിയ കുര്യന്‍ മാത്യുവിനെ ആളുകള്‍ പിടികൂടി തടഞ്ഞു വെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാന്നാര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ കായംകുളം, പയ്യന്നൂര്‍, കാസര്‍കോട്  സ്‌റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News