കണ്ണൂര്‍- ഉത്തര കേരളത്തിന്റെ, വിശിഷ്യ, കണ്ണൂരിന്റെ അത്യപൂര്‍വ ഫ്രഞ്ച് ബന്ധങ്ങള്‍ മുന്‍ നിര്‍ത്തി, 'ഹിസ്റ്ററി ഒഫ് കണ്ണൂര്‍ ആന്‍ഡ് നോര്‍ത്ത് മലബാര്‍' എന്ന പുസ്തകം രചിച്ച ലീന മൊറെയെ കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ആദരിച്ചു.
ബ്രിട്ടീഷ് രേഖകള്‍ മാത്രം അവലംബിച്ച് തയാറാക്കിയ കണ്ണൂരിന്റെയും അറക്കല്‍ കോലത്തിരി രാജ കുടുംബത്തിന്റെയും ചരിത്ര ആഖ്യാനങ്ങളുടെ പുനര്‍വായനക്ക് സഹായിക്കുന്ന, പുതിയ അധ്യായങ്ങളിലേക്കും ചരിത്ര വസ്തുതകളിലേക്കും വെളിച്ചം വീശുന്ന ഈ പുസ്തകം പ്രധാനമായും മുന്നില്‍ വെക്കുന്നത് പാരീസിലെ ആര്‍ക്കൈവുകളില്‍ ലഭ്യമായ അത്യപൂര്‍വമായ ഫ്രഞ്ച് പുരാരേഖകളാണ്. ദീര്‍ഘകാലം പാരിസില്‍ താമസിച്ച ലീന മോറെ, സ്വന്തം നാട്ടിന് നല്‍കിയ വലിയ സംഭാവനയാണ് ഈ രചന.
കണ്ണൂര്‍-ഫ്രഞ്ച് ബന്ധത്തിന്റെ ചരിത്ര രേഖകളില്‍ സുപ്രധാനമായ അറക്കല്‍ രാജാവും ഫ്രഞ്ച് ഭരണാധികാരികളും ഒരുമിച്ച് നില്‍ക്കുന്ന 110 വര്‍ഷത്തിലേറെ പഴക്കമുള്ള അപൂര്‍വ ഫോട്ടോ ഫ്രെയിം ഉപഹാരമായി സമ്മാനിച്ചാണ് കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൌണ്ടേഷന്‍ ലീന മൊറെയെ ആദരിച്ചത്.
1792 വരെയുള്ള ഫ്രഞ്ച് പുരാരേഖകളെ ആസ്പദമാക്കി പഠനം നടത്തി മനോഹര്‍ ബുക്‌സ് പബ്ലിഷ് ചെയ്ത പുസ്തകം അക്കാദമിക ചരിത്ര പഠന രംഗത്ത് കൂടുതല്‍ പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗ്രന്ഥകാരി ലീന മോറെ അഭിപ്രായപ്പെട്ടു. ഈ രചനയുടെ തുടക്കം മുതല്‍ സിറ്റി ഹെറിറ്റേജ് ഡയറക്ടര്‍ മുഹമ്മദ് ശിഹാദ് നല്‍കിയ പിന്തുണകള്‍ നന്ദിയോടെ അനുസ്മരിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.