ഇന്ത്യന്‍ സ്വാധീനം ഭീഷണിയെന്ന് മാലദ്വീപ് പ്രസിഡന്റ്, ചൈനയുമായി 21 കരാറുകളില്‍ ഒപ്പുവെച്ചു

ബീജിംഗ്- മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ബുധനാഴ്ച ചൈനയുമായി 21 പ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ തന്ത്രപരമായ സഹകരണ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹം സമ്മതിച്ചു.

ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടെ മുയിസു-ഷീ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാലദ്വീപും ചൈനയും 21 കരാറുകളില്‍ ഒപ്പുവച്ചത്.

ചില മാലിദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയുമായുള്ള തര്‍ക്കത്തിനിടയിലാണ് ബീജിംഗ് അനുകൂല നേതാവായി കണക്കാക്കപ്പെടുന്ന മുയിസു ചൈന സന്ദര്‍ശിക്കുന്നത്.

മാലദ്വീപിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ അയക്കാന്‍ മുയിസു ചൈനയോട് അഭ്യര്‍ഥിച്ചു. ചൈനീസ് നഗരമായ ഫുജിയാനില്‍ രണ്ട് ദിവസം താമസിച്ചതിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മുയിസു ബീജിംഗില്‍ എത്തിയത്. അവിടെ കൂടുതല്‍ വിനോദസഞ്ചാരികളെ തന്റെ രാജ്യത്തേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ 'തീവ്രമാക്കാന്‍' ചൈനയോട് അഭ്യര്‍ത്ഥിച്ചു. 'കോവിഡിന് മുമ്പുള്ള വിനോദസഞ്ചാരത്തില്‍ ചൈന ഞങ്ങളുടെ ഒന്നാം നമ്പര്‍ വിപണിയായിരുന്നു, ചൈന ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന- അദ്ദേഹം പറഞ്ഞു. മാലദ്വീപില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം പരമാധികാരത്തിന് ഭീഷണിയാണെന്നും മുയിസു പറഞ്ഞു.

 

Latest News