ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ അയോഗ്യരല്ലെന്ന് സ്പീക്കര്‍, ഉദ്ധവിന് തിരിച്ചടി

മുംബൈ- മഹാരാഷ്ട്രയില്‍ ശിവസേന രണ്ടായി പിളര്‍ന്നതിന് പിന്നാലെ രൂപംകൊണ്ട എം.എല്‍.എമാരുടെ അയോഗ്യതാ തര്‍ക്കത്തില്‍ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാര്‍ അയോഗ്യരല്ലെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. 2022 ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ പക്ഷം ബി.ജെ.പി. ചേരിയിലേക്ക് കൂറുമാറിയത്. മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ തീരുമാനമാണ് മാസങ്ങള്‍ക്കൊടുവില്‍ സ്പീക്കര്‍ പ്രഖ്യാപിച്ചത്.

2018ല്‍ ഭേദഗതി ചെയ്ത പാര്‍ട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ ഇല്ലാത്തതിനാല്‍ സാധുതയുള്ളതായി കണക്കാക്കാനാകില്ലെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. രേഖകള്‍ അനുസരിച്ച് 1999 ലെ ഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ട്. നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദേശീയ എക്‌സിക്യൂട്ടിവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയില്‍ പറയുന്നത്. ശിവസേന പ്രമുഖന്‍ എന്ന നിലയില്‍ താക്കറെയുടെ താത്പര്യങ്ങളാണ് പാര്‍ട്ടിയുടെ താത്പര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

 

Latest News