വിചാരണ ആരംഭിക്കാനിരിക്കെ കൊലക്കേസ് പ്രതി അമിതമായി മരുന്ന് കഴിച്ചു ആശുപത്രിയില്‍

മഞ്ചേരി-കോടതിയില്‍ വിചാരണ ആരംഭിക്കാനിരുന്ന കൊലക്കേസിലെ പ്രതിയെ ഓവര്‍ഡോസ് മരുന്ന് കഴിച്ച് അവശനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പാണ്ടിക്കാട് കണ്ണച്ചത്ത് വീട്ടില്‍ ഷാജി (41) യെയാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   ഒളമതില്‍ ചോലക്കല്‍ വീട്ടില്‍ എം.സി. കബീര്‍ (47) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഷാജി.  2022 സെപ്തംബര്‍ 25നാണ് കബീറിനെ കൊല്ലപ്പെട്ട നിലയില്‍ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍  കണ്ടെത്തിയത്. മൃതദേഹത്തില്‍ എടുത്തുപറയത്തക്ക പരിക്കുകള്‍ കണ്ടെത്താത്തതിനാല്‍ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്.  എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ഉദരത്തിനേറ്റ ആഘാതമാണ് മരണകാരണമെന്നു കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനു ശേഷം ഷാജി അറസ്റ്റിലായത്.  സംഭവ ദിവസം മഞ്ചേരിയിലെ സ്വകാര്യ ബാറില്‍ വച്ച് പരിചയപ്പെട്ട കബീറും ഷാജിയും മദ്യപിച്ചു മടങ്ങവെ വാക്കു തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.  മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ഷാഹുല്‍, പോലീസുകാരായ ഐ.കെ. ദിനേഷ്, പി. സലീം, പി. ഹരിലാല്‍, തൗഫീഖ് മുബാറക്ക്, അനീഷ് ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.  ഈ കേസില്‍ ഇന്നലെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.
ഷാജി വര്‍ഷങ്ങളായി മാനസിക രോഗത്തിനുള്ള ഗുളിക കഴിക്കുന്നുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗുളിക പതിവിലും അധികമായി കഴിച്ചു. ഭാര്യ എടവണ്ണയിലെ വീട്ടിലായിരുന്നു.  പാണ്ടിക്കാട്ടിലെ വീട്ടില്‍ ഷാജി തനിച്ചായിരുന്നു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ ഭാര്യ വീട്ടിലെത്തിയതിലാണ് ഷാജി അവശനായി കിടക്കുന്നത് കണ്ടത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചു. തലകറങ്ങിയുള്ള വീഴ്ചയില്‍ തലക്കും കൈക്കും പരിക്കേറ്റു. പ്രതി ആശുപത്രിയിലായതോടെ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജ് കെ. സനില്‍കുമാര്‍ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

 

 

Latest News