Sorry, you need to enable JavaScript to visit this website.

നാലുവയസുള്ള മകനെ കൊന്ന് ബാഗിലാക്കി യുവതി കടന്ന സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

പനാജി- ഗോവയിൽ നാലു വയസുള്ള മകനെ ടെക്കിയായ അമ്മ കൊലപ്പെടുത്തി ബാഗിൽ കൊണ്ടുപോയ സംഭവത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നുവെന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന മുറിയിൽനിന്ന്  കഫ് സിറപ്പിന്റെ ഒഴിഞ്ഞ കുപ്പികൾ ഗോവ പോലീസ് കണ്ടെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ തുണിയോ തലയിണയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. മകനെ കൊന്ന് കഷ്ണമാക്കിയ ശേഷം ബാഗിൽ നിറച്ച്  ഗോവയിലെ കണ്ടോലിമിലെ അപ്പാർട്ട്‌മെന്റിൽനിന്ന് അയൽ സംസ്ഥാനമായ കർണാടകയിലേക്ക് ടാക്‌സിയിൽ കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ ടെക്കിയും, സ്റ്റാർട്ടപ് സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ ബംഗാൾ സ്വദേശി സൂചന സേത്താണ് (39) ഗോവയിലെ ഹോട്ടൽ മുറിയിൽ നടത്തിയ അരുംകൊലക്ക് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിലെ ബാഗിൽനിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനിൽനിന്നും ഇവർ അകന്നുകഴിയുകയായിരുന്നുവെന്നും, ഇവരുടെ വിവാഹ മോചന നടപടികൾ അന്തിമഘട്ടത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 
ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻഡ്ഫുൾ എ.ഐ ലാബ് എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒയുമാണ് സൂചന സേത്. നാല് വയസ്സുള്ള മകനുമായി ശനിയാഴ്ചയാണ് ഇവർ നോർത്ത് ഗോവയിലെ ഫർണിഷ്ഡ് അപ്പാർട്‌മെന്റിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ചെക്കൗട്ട് ചെയ്ത ഇവർ തനിക്ക് ബംഗളൂരുവിലേക്ക് പോകാൻ ടാക്‌സി വേണമെന്ന് റിസപ്ഷനിൽ ആവശ്യപ്പെട്ടു. ഫ്‌ളൈറ്റ് ഉണ്ടല്ലോ എന്ന് ജീവനക്കാർ പറഞ്ഞപ്പോൾ ടാക്‌സി തന്നെ മതിയെന്ന് സൂചന പറയുകയായിരുന്നു. ഇതനുസരിച്ച് എത്തിയ ടാക്‌സിയിൽ ഇവർ യാത്രയാവുകയും ചെയ്തു. പിന്നീട് മുറി വൃത്തിയാക്കാനെത്തിയ ക്ലീനിംഗ് ജീവനക്കാരി കിടക്കയിൽ രക്തക്കറ കണ്ടതോടെ മാനേജ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ചെക്കിൻ സമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി ചെക്കൗട്ട് സമയത്ത് ഇല്ലാത്തത് ശ്രദ്ധയിൽപെട്ടു. തുടർന്ന് പോലീസിനെ വിവരമറിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയശേഷം യുവതിയെ മൊബൈലിൽ ബന്ധപ്പെട്ട് മകന്റെ വിവരമന്വേഷിച്ചു. എന്നാൽ മകനെ ഗോവയിലെ ഫത്തോർദയിലുള്ള ഒരു സുഹൃത്തിനെ ഏൽപ്പിച്ചെന്ന് ഇവർ മറുപടി നൽകി. യുവതി നൽകിയ വിലാസ പ്രകാരം പോലീസ് അന്വേഷിച്ചപ്പോൾ അങ്ങെനയൊരു വിലാസമോ ആളോ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവതി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ മൊബൈലിൽ ബന്ധപ്പെട്ട പോലീസ് യുവതിക്ക് സംശയം തോന്നാതെ കാർ ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ എത്തിയ ടാക്‌സി ഐമംഗല പോലീസ് സ്‌റ്റേഷനിൽ ഡ്രൈവർ എത്തിച്ചു. ഇവിടെവെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് കുഞ്ഞിന്റെ മൃതദേഹവും കണ്ടെടുത്തു.
വിവാഹബന്ധം തകർന്നതിലുള്ള കടുത്ത നിരാശയും ഭർത്താവിനോടുള്ള പ്രതികാരവുമാണ് സ്വന്തം മകനെ അരുംകൊല ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സൂചന സേത്തും ഭർത്താവ് വെങ്കട്ടരാമനും ഏറെ കാലമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹമോചന കേസിൽ ഈയിടെ കോടതിയിൽനിന്ന് സൂചന സേത്തിനെതിരെ ചില കോടതിവിധികളുണ്ടായിരുന്നു. എ.ഐ ഡെവലപ്പറായ വെങ്കട്ടരാമൻ ഇന്തോനേഷ്യയിലായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇദ്ദേഹത്തെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News