Sorry, you need to enable JavaScript to visit this website.

സവാദിനായി എന്‍ ഐ എ വിദേശത്ത് അരിച്ചു പെറുക്കുമ്പോള്‍ ഇയാള്‍ കണ്ണൂരിലെ വാടക വീട്ടില്‍ കഴിഞ്ഞത് ആശാരിപ്പണിയെടുത്ത്

കണ്ണൂര്‍ - ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച് അധ്യാപകന്‍ ഫ്രൊഫ. ടി ജെ ജോസഫിന്റെ  കൈവെട്ടിയ കേസില്‍ പിടിയിലായ മുഖ്യപ്രതി അശമന്നൂര്‍ നൂലേലി മുടശ്ശേരി സവാദ്  താമസിച്ചിരുന്നത് കണ്ണൂര്‍ മട്ടന്നൂരിലെ വാടക വീട്ടില്‍. ഇവിടെ ആശാരിപ്പണിയെടുത്ത് കഴിയുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ ഒളിവ് ജീവിതത്തിന് ശേഷമാണ് സവാദ് കണ്ണൂരില്‍ എത്തിയതെന്നാണ് എന്‍ ഐ എയുടെ നിഗമനം. സവാദാണ് അധ്യാപകന്റെ കൈ വെട്ടി മാറ്റിയത്. ഇതിന് ഉപയോഗിച്ച മഴു എടുത്താണ് ഇയാള്‍ ഒളിവില്‍ പോയത്.  കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവില്‍ പോയത്. നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല.  നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ സവാദിനായി അന്വേഷണ സംഘം കഴിഞ്ഞ 13 വര്‍ഷമായി അരിച്ചു പെറുക്കുമ്പോള്‍ ഇയാള്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം കണ്ണൂരില്‍ കഴിയുകയായിരുന്നു. കൃത്യമായി കിട്ടിയ ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സവാദിനെ എന്‍ ഐ എ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Latest News