Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ മരുന്നു കുറിപ്പടികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ വ്യക്തമായി എഴുതണം- ഹൈക്കോടതി

ഭുവനേശ്വര്‍-ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകുറിപ്പടികള്‍ വ്യക്തമായി വായിക്കാന്‍ കഴിയുന്നതല്ലെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അതിരിടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, മെഡിക്കോ-ലീഗല്‍ രേഖകള്‍ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റല്‍ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് എസ്.കെ. പനിഗ്രഹി ഒഡീഷ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കല്‍ കോളേജുകളിലും നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറയുന്നുണ്ട്.
ദേന്‍കനാല്‍ ജില്ലയിലെ രസാനന്ദ ഭോയ് എന്നയാളുടെ ഹര്‍ജി കേട്ടതിനൊടുവിലാണ് കോടതി പ്രസ്തുത ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ മൂത്തമകന്‍ സൗവാഗ്യ രഞ്ജന്‍ ഭോയ് പാമ്പുകടിച്ചതിനേത്തുടര്‍ന്ന് മരിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിക്കുന്നതിനും സംഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനേത്തുടര്‍ന്ന് കേസില്‍ അന്തിമതീരുമാനം എടുക്കല്‍ പ്രയാസകരമായിരുന്നു.
പലകേസുകളിലും ഉദാസീനമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എഴുതുമ്പോള്‍ നീതിന്യായസംവിധാനത്തിന് അവ വായിച്ചുമനസ്സിലാക്കാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും അന്തിമതീരുമാനമെടുക്കുന്നതില്‍ തടസ്സം നേരിടാറുണ്ടെന്നും കോടതി വ്യക്തമാക്കി. സിഗ്-സാഗ് ശൈലിയിലുള്ള എഴുത്ത് ഡോക്ടര്‍മാര്‍ക്കിടയില്‍ ഫാഷനായിമാറിയെന്നും ഇത് സാധാരണക്കാരന് മരുന്നിനേക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും കോടതി പറഞ്ഞു.
സമാനമായ ഉത്തരവ് 2020-ലും ഒറീസ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. മരുന്നുകുറിപ്പടി യാതൊരുതരത്തിലുള്ള അനിശ്ചിതത്വത്തിനും ഇടവരുത്തരുതെന്നായിരുന്നു അന്നത്തെ ഉത്തരവ്. രോഗിയായ ഭാര്യയെ പരിചരിക്കാന്‍ തടവുപുള്ളി ഇടക്കാലജാമ്യത്തിനായി സമര്‍പ്പിച്ച മരുന്നുകുറിപ്പടി വായിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ജഡ്ജി പ്രസ്തുത ഉത്തരവിട്ടത്.

Latest News