Sorry, you need to enable JavaScript to visit this website.

രക്തക്കറക്ക് കാരണം മാസമുറയെന്ന്; രക്ഷപ്പെടാന്‍ ടെക്കി യുവതി പലവഴിയും നോക്കി

പനാജി- നാല് വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി കാറില്‍ കൊണ്ടുപോയ അമ്മയായ ടെക്കി യുവതി പോലീസിനെ കുഴക്കാന്‍ പല വഴികളും നോക്കി. രക്തക്കറയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് മാസമുറയുടേതാണെന്നായിരുന്നു പോലീസിന് നല്‍കിയ മറുപടി. മകനെ കൊലപ്പടുത്തി ബാഗിലാക്കിയ ബംഗളൂരു ടെക്കിയും സ്റ്റാര്‍ട്ടപ്പ് സി.ഇ.ഒയുമായ സുചന സേത്ത് (39) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശി സൂചന സേത്താണ് ഗോവയിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ അരുംകൊലക്ക് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറിലെ ബാഗില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. മലയാളിയായ ഭര്‍ത്താവ് വെങ്കട്ടരാമനില്‍നിന്ന് ഇവര്‍ അകന്നുകഴിയുകയായിരുന്നുവെന്നും ഇവരുടെ വിവാഹ മോചന നടപടികള്‍ അന്തിമഘട്ടത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വായിക്കുക

അറവുശാലകളായി ജിദ്ദയിലെ മലയാളി റെസ്റ്റോറന്റുകള്‍; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ്ഫുള്‍ എ.ഐ ലാബ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒയുമാണ് സുചന സേത്. നാല് വയസ്സുള്ള മകനുമായി ശനിയാഴ്ചയാണ് ഇവര്‍ നോര്‍ത്ത് ഗോവയിലെ ഫര്‍ണിഷ്ഡ് അപ്പാര്‍ട്‌മെന്റില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ചെക്കൗട്ട് ചെയ്ത ഇവര്‍ തനിക്ക് ബംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെട്ടു. ഫ്‌ളൈറ്റ് ഉണ്ടല്ലോ എന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ ടാക്‌സി തന്നെ മതിയെന്ന് സൂചന പറയുകയായിരുന്നു. ഇതനുസരിച്ച് എത്തിയ ടാക്‌സിയില്‍ ഇവര്‍ യാത്രയാവുകയും ചെയ്തു. പിന്നീട് മുറി വൃത്തിയാക്കാനെത്തിയ ക്ലീനിംഗ് ജീവനക്കാരി കിടക്കയില്‍ രക്തക്കറ കണ്ടതോടെ മാനേജ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ചെക്കിന്‍ സമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി ചെക്കൗട്ട് സമയത്ത് ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പോലീസിനെ വിവരമറിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയശേഷം യുവതിയെ മൊബൈലില്‍ ബന്ധപ്പെട്ട് മകന്റെ വിവരമന്വേഷിച്ചു. എന്നാല്‍ മകനെ ഗോവയിലെ ഫത്തോര്‍ദയിലുള്ള ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചെന്ന് ഇവര്‍ മറുപടി നല്‍കി. യുവതി നല്‍കിയ വിലാസ പ്രകാരം പോലീസ് അന്വേഷിച്ചപ്പോള്‍ അങ്ങെനയൊരു വിലാസമോ ആളോ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവതി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ മൊബൈലില്‍ ബന്ധപ്പെട്ട പോലീസ് യുവതിക്ക് സംശയം തോന്നാതെ കാര്‍ ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ എത്തിയ ടാക്‌സി ഐമംഗല പോലീസ് സ്‌റ്റേഷനില്‍ ഡ്രൈവര്‍ എത്തിച്ചു. ഇവിടെവെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍നിന്ന് കുഞ്ഞിന്റെ മൃതദേഹവും കണ്ടെടുത്തു.
വിവാഹബന്ധം തകര്‍ന്നതിലുള്ള കടുത്ത നിരാശയും ഭര്‍ത്താവിനോടുള്ള പ്രതികാരവുമാണ് സ്വന്തം മകനെ അരുംകൊല ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സൂചന സേത്തും ഭര്‍ത്താവ് വെങ്കട്ടരാമനും ഏറെ കാലമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹമോചന കേസില്‍ ഈടിയെ കോടതിയില്‍നിന്ന് സൂചന സേത്തിനെതിരെ ചില കോടതിവിധികളുണ്ടായിരുന്നു. എ.ഐ ഡെവലപ്പറായ വെങ്കട്ടരാമന്‍ ഇന്തോനേഷ്യയിലായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇദ്ദേഹത്തെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

Latest News