മക്ക- ഇന്ത്യൻ തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കുന്നതിനാവശ്യമായ സേവനങ്ങൾ ലഭ്യമാക്കിയ സൗദി ഭരണകർത്താക്കളെ ഇന്ത്യൻ ഹജ് സൗഹൃദ സംഘത്തലവൻ ഉത്തർപ്രദേശ് മുൻ ആക്ടിംഗ് മുഖ്യമന്ത്രി ഡോ.സെയ്ദ് മുഹമ്മദ് അമ്മാർ റിസ്‌വിയും ഉപമേധാവി ജമാൽ സിദ്ദീഖിയും അഭിനന്ദിച്ചു. ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകരാണ് ഹജ് നിർവഹിക്കാനെത്തിയത്. മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഹാജിമാരെത്തിയ വർഷമാണിത്. എങ്കിലും പരാതികൾക്കിടയില്ലാത്തവിധം ഹാജിമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയ സൗദി അധികൃതരുടേയും ഇന്ത്യൻ ഹജ് മിഷന്റെയും സേവനങ്ങൾ പ്രശംസനീയമാണെന്ന് അവർ പറഞ്ഞു.
ഹാജിമാരുടെ സേവനത്തിന് ഇന്ത്യയിൽ നിന്ന് 600 ഉദ്യോഗസ്ഥരാണ് ഡപ്യൂട്ടേഷനിൽ എത്തിയത്. ഹാജിമാരുടെ വർധനവിന് ആനുപാതികമായി ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർധനയുണ്ടാവേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. നിരക്കിൽ വർധനയില്ലാതെ സൗകര്യങ്ങൾ കുറേക്കൂടി വിപുലപ്പെടുത്താനുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ മുൻപാകെ നൽകുമെന്നും അവർ പറഞ്ഞു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അറിയിച്ചതായും ഇന്ത്യക്കു നൽകിവരുന്ന സേവനങ്ങൾക്ക് നന്ദി അറിയിച്ചതായും അവർ പറഞ്ഞു.
മഹ്‌റമില്ലാതെ ഇതാദ്യമായി എത്തിയ 1,171 സ്ത്രീകൾക്ക് പ്രയാസ രഹിതമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ് മിഷൻ ഒരുക്കിയിരുന്നു. ഇവർക്കായി വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചുള്ള ബ്രാഞ്ചും ഡിസ്‌പെൻസറിയും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു. 600 ഡപ്യൂട്ടേഷൻ ഉദ്യോഗസ്ഥരിൽ ഒരു കോർഡിനേറ്റർ ഉൾപ്പെടെ 97 പേർ സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു.
ഹാജിമാരുടെ താമസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം മികച്ച പ്രവർത്തനമാണ് ഇന്ത്യൻ ഹജ് മിഷൻ കാഴ്ചവെച്ചത്. കോൺസുലേറ്റ് വികസിപ്പിച്ച ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം ആപ് ഹാജിമാർക്ക് ഏറെ പ്രയോജനം ചെയ്തുവെന്ന് അവർ പറഞ്ഞു.
പുണ്യ സ്ഥലങ്ങളിലെല്ലാം അതിവിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയത്. വർഷം കഴിയുന്തോറും സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണ്. ഇതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഹജ് മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻതനും പ്രത്യേകം നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു.
മക്കയിലെ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ അംബാസഡർ അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും പങ്കെടുത്തു.






