Sorry, you need to enable JavaScript to visit this website.

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നവാസ് ഷെരീഫിന് അവസാന തടസ്സവും നീങ്ങി

ഇസ്‌ലാമാബാദ്- കേസില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ക്ക്  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് പാകിസ്ഥാന്‍ സുപ്രിം കോടതി ഒഴിവാക്കി. ഇതോടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (പി എം എല്‍- നവാസ്) നേതാവുമായ നവാസ് ഷെരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വഴി തുറന്നു. 

ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരിലുള്ള 
വിലക്ക് ആജീവനാന്തമാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ശിക്ഷിക്കപ്പെട്ടാലും അഞ്ച് വര്‍ഷത്തേക്കു മാത്രമായിരിക്കും അയോഗ്യതയെന്ന് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഖാസി ഫയെസ് ഇസ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 

ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനിടയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

2017ലാണ് ഷരീഫ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. അന്നു മുതല്‍ ബാധകമായ ആജീവനാന്ത വിലക്ക് പുതിയ വിധിയോടെ മാറും. കഴിഞ്ഞ ഡിസംബറില്‍ അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ഷെരീഫിനെ ഇസ്‌ലാമാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നവാസ് ഷെരീഫ് പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയത്. 2019-ല്‍ ചികിത്സയ്ക്കായി ലാഹോര്‍ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയ നവാസ് ഷെരീഫ് പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നില്ല.

Latest News