ഇന്ത്യ- മാലിദ്വീപ് നയതന്ത്ര പ്രതിസന്ധി; മുയിസുവിനെ പുറത്താക്കണമെന്ന് ന്യൂനപക്ഷ നേതാവ്

മാലി- ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിലുണ്ടായ വീഴ്ചയില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ പുറത്താക്കണമെന്ന് പാര്‍ലമെന്റിലെ ന്യൂനപക്ഷ നേതാവ് അലി അസിം. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം എക്‌സില്‍ ഇന്ത്യയെക്കുറിച്ച് അദ്ദേഹം നേരിട്ടു  പരാമര്‍ശിക്കാതെയാണ് പ്രസിഡന്റ് മുയിസുവിനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്താന്‍ അസിം ആവശ്യപ്പെട്ടത്. 

വിദേശ നയത്തിന്റെ സ്ഥിരത ഉയര്‍ത്തിപ്പിടിക്കാനും അയല്‍രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് തടയാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മുയിസുവിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തയ്യാറാണോ എന്ന ചോദ്യവും അസീമിന്റെ പോസ്റ്റില്‍ ഉന്നയിച്ചു.
 
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. 

നേരത്തെ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്ന മാലി ദ്വീപ് മുയിസു ഭരണത്തിലെത്തിയതോടെ ചൈനയോട് ചായ്വ് കാണിക്കുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ പ്രസ്താവനകള്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കി. 

ലക്ഷദ്വീപ് ദ്വീപുകള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാണ് മാലിദ്വീപ് യുവ ശാക്തീകരണ ഡെപ്യൂട്ടി മന്ത്രി മറിയം ഷിയൂന എക്സില്‍ പോസ്റ്റിട്ടത്. മോദിക്കെതിരെ പോസ്റ്റിട്ട മന്ത്രിമാരും സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടു. പിന്നാലെ മന്ത്രിമാര്‍ക്ക് ഭരണകൂടം സസ്പെന്‍ഷനും പ്രഖ്യാച്ചു. 

വിവാദ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും പ്രശ്നം സജീവമാക്കി സ്‌ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest News