Sorry, you need to enable JavaScript to visit this website.

ലഗേജുകൾ വീടുകളിൽ നേരിട്ടെത്തി സ്വീകരിക്കുന്ന സേവനവുമായി സൗദി കമ്പനി

ജിദ്ദ - സൗദിയിലെ വിമാന യാത്രക്കാർക്ക് ഏറെ ആശ്വാസകരമായി പുതിയ സേവനം ആരംഭിക്കാനുള്ള തീരുമാനം മതാറാത്ത് ഹോൾഡിംഗ് കമ്പനി അറിയിച്ചു. ബാഗേജില്ലാത്ത യാത്രക്കാരൻ എന്ന ശീർഷകത്തിലുള്ള സേവനം ഈ വർഷം ആദ്യ പാദത്തിൽ നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരുടെ യാത്രാ നടപടികൾ താമസസ്ഥലങ്ങളിൽ നിന്ന് പൂർത്തിയാക്കി യാത്രാ സമയത്തിനു മുമ്പായി ലഗേജുകൾ താമസസ്ഥലങ്ങളിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സേവനമാണിത്. സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങളും വഴി ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് വർഷം മുഴുവൻ പുതിയ സേവനം ലഭിക്കും. 
രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രാ നടപടികൾ എളുപ്പമാക്കാനും വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും എയർപോർട്ടുകളിൽ കാത്തുനിൽക്കേണ്ടിവരുന്ന സമയം കുറക്കാനുമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മതാറാത്ത് ഹോൾഡിംഗ് കമ്പനി പറഞ്ഞു. പുതിയ സേവനം പ്രയോജനപ്പെടുത്താൻ പദ്ധതിയിൽ പങ്കാളികളായ ഏതെങ്കിലും വിമാന കമ്പനിയുടെ ടിക്കറ്റും ആവശ്യമായ മുഴുവൻ രേഖകളും ഉണ്ടായിരിക്കണം. കൂടാതെ ബാഗേജുകളിൽ നിരോധിത വസ്തുക്കളൊന്നും ഉണ്ടാകാനും പാടില്ല. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സേവനം ലഭിക്കുമെന്നും മതാറാത്ത് ഹോൾഡിംഗ് കമ്പനി പറഞ്ഞു. 
സൗദിയിലെ 27 വിമാനത്താവളങ്ങളുടെയും പ്രവർത്തനങ്ങൾക്ക് മതാറാത്ത് ഹോൾഡിംഗ് കമ്പനി മേൽനോട്ടം വഹിക്കുന്നു. സൗദിയിൽ ദൃശ്യമായ അതിവേഗ വളർച്ചയുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് വിമാനത്താവളങ്ങൾ വികസിപ്പിക്കാനും പ്രകടന നിലവാരം ഉയർത്താനുമാണ് മതാറാത്ത് ഹോൾഡിംഗ് കമ്പനി ലക്ഷ്യമിടുന്നത്.
 

Latest News