Sorry, you need to enable JavaScript to visit this website.

'പോലീസിനെ പട്ടിക കൊണ്ട് അടിക്കാൻ നേതൃത്വം നൽകി'; രാഹുലിന്റെ ജാമ്യം എതിർത്ത് പോലീസ്

തിരുവനന്തപുരം - നവകേരള സദസ്സിനെതിരായ പ്രതിഷേധത്തോടുള്ള പോലീസ് രാജിനെതിരെയുള്ള സെക്രട്ടേറിയറ്റ് മാർച്ചിലെ അതിക്രമ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് വളഞ്ഞ് അറസ്റ്റുചെയ്ത പോലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധം. അതിനിടെ രാഹുലിന്റെ ജാമ്യാപേക്ഷയിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും. രാഹുലിന്റെ ജാമ്യാപേക്ഷയെ പോലീസ് കോടതിയിൽ എതിർത്തു.
 സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി രാഹുൽ പോലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്നാണ് പോലീസ് വഞ്ചിയൂർ കോടതിയിൽ അറിയിച്ചത്. 
 സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പോലീസ് വാദിച്ചു. അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റിയ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റ് പ്രതികൾ വാഹനത്തിൽനിന്ന് രക്ഷപ്പെടുത്തി. നാലാം പ്രതിയായ രാഹുലിനു ജാമ്യം നൽകിയാൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുമെന്നും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അന്വേഷണത്തിന് തടസം നിൽക്കാനിടയുണ്ട്. പ്രതി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാനും സാധ്യതയുണ്ട്. സർക്കാരിന്റെ പൊതുമുതലിനു നാശനഷ്ടം വരുത്തിയ കേസാണ്. സംഘം ചേർന്ന് ഗുരുതര കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇന്നു രാവിലെയാണ് പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുലിനെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

Latest News