ഇടുക്കി- കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റ് തൊഴിലാളി പരിമളം ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളും ഉണ്ടായിരുന്നു. സമീപത്ത് നിന്നിരുന്ന ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല. ആക്രമണത്തിന് ശേഷം കാട്ടാന കൂട്ടം ഇവിടെ നിലയുറപ്പിച്ചു. പിന്നീട് നാട്ടുകാർ ബഹളം വെച്ചതോടെയാണ് ഇവ പിന്മാറിയത്. തുടർന്ന് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം പരിമളത്തെ തേനി മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.