Sorry, you need to enable JavaScript to visit this website.

സർവകാല റിക്കോർഡിലേക്ക് നിഫ്റ്റിയും സെൻസെക്‌സും

പുതുവർഷത്തിന്റെ ആദ്യവാരം തിളക്കം നിലനിർത്താൻ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾക്കായില്ല. വർഷത്തിന്റെ ആദ്യ ദിനം സർവകാല റിക്കോർഡിലേക്ക് നിഫ്റ്റിയും സെൻസെക്‌സും സഞ്ചരിച്ച് കരുത്ത് പ്രദർശിപ്പിച്ചു. എന്നാൽ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചത് ശരിവെച്ച് വിപണി ഒരു ഏകീകരണത്തിന് ശ്രമം തുടങ്ങി. നിഫ്റ്റി ഫ്യൂച്ചർ കുതിപ്പിന് ഒപ്പം ഹ്രസ്വകാലയളവിൽ കൺസോളിഡേഷന് ശ്രമിക്കുമെന്ന സൂചന ശരിവെച്ച് സാങ്കേതിക തിരുത്തൽ കാഴ്ച്ചവെച്ചു. സെൻസെക്‌സ് 214 പോയിൻറ്റും നിഫ്റ്റി സൂചിക 20 പോയിൻറ്റും നഷ്ടത്തിലാണ്.
   നിഫ്റ്റി സൂചിക മുൻ വാരത്തിലെ 21,731 ൽ നിന്നും 103 പോയിൻറ് ഉയർന്ന് പുതുവർഷ ദിനത്തിൽ റെക്കോർഡായ 21,834 വരെ കയറി. ഈ അവസരത്തിൽ നിഫ്റ്റി ഫ്യൂചറിൽ കവറിങിനായി ഓപ്പറേറ്റർമാർ നടത്തിയ നീക്കം റെഡി മാർക്കറ്റിനെ 21,500 ലേയ്ക്ക് തളർത്തി. വാരത്തിന്റെ രണ്ടാം പകുതിയിലെ തിരിച്ചുവരവിൽ നിഫ്റ്റി 21,710 ലേയ്ക്ക് ഉയർന്നു. സാങ്കേതികമായി വീക്ഷിച്ചാൽ ഈവാരം 21,528 ലെ സപ്പോർട്ട് നിലനിർത്തി 21,862 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. അതേ സമയം ആദ്യതാങ്ങിൽ കാലിടറിയാൽ വിപണി 21,347 വരെ തിരുത്തൽ കാഴ്ച്ചവെക്കും. ഇതിനിടയിൽ ജനുവരി സീരീസ് 22,015 നെ കൈപ്പിടിയിൽ ഒതുക്കാൻ നീക്കം നടത്താം. സൂപ്പർ ട്രൻറും, പാരാബോളിക്ക് എസ്.എ.ആർ ബുള്ളിഷ് മൂഡിലാണ്. 
നിഫ്റ്റി ജനുവരി ഫ്യൂചർ 21,794 ലേയ്ക്ക് താഴ്ന്നു. ഓപ്പൺ ഇൻറ്ററസ്റ്റ് 142.5 ലക്ഷം കരാറുകളിൽ നിന്നും 132.3 ലക്ഷമായി കുറഞ്ഞു. ഒരു പരിധി വരെ ഉയർന്ന തലത്തിലെ ലാഭമെടുപ്പ് ഓപ്പൺ ഇൻറ്ററസ്റ്റിൽ പ്രതിഫലിച്ചെങ്കിലും കരടി കൂട്ടങ്ങൾക്ക് കരുത്ത് കാണിക്കാൻ അവസരം ലഭിക്കാഞ്ഞത് സൂചികയുടെ തിരിച്ച് വരവിന് വേഗം പകരാം. 
സെൻസെക്‌സ് 72,240 ൽ നിന്നും എക്കാലത്തെയും ഉയർന്ന നിലവാരമായ 72,561 പോയിൻറ് വരെ കയറി. വർഷാരംഭ ദിനത്തിലെ ഈ കുതിപ്പ് കണ്ട് ഫണ്ടുകളും ഓപ്പറേറ്റർമാരും ഹെവി വെയിറ്റ് ഓഹരികളിൽ ലാഭമെടുപ്പിന് മത്സരിച്ച് വിൽപ്പന സമ്മർദ്ദത്തിന് ഇടയാക്കിയതോടെ സെൻസെക്‌സ് 71,359 ലേയ്ക്ക് താഴ്ന്നു. വ്യാപാരാന്ത്യം സൂചിക 72,026 പോയിൻറ്റിലാണ്. 
ഈ വാരം വീണ്ടും വിൽപ്പന സമ്മർദ്ദമുണ്ടായാൽ സെൻസെക്‌സിന് 71,403-70,780 പോയിൻറ്റിൽ താങ്ങ് പ്രതീക്ഷിക്കാം. ഫണ്ടുകൾ നിക്ഷേപകരായാൽ 72,562 ലെ പ്രതിരോധം തകർത്ത് 72,605 ലേയ്ക്കും തുടർന്ന് 73,200 ലേയ്ക്കും മുന്നേറാം. വിദേശ ഫണ്ടുകൾ 4812 കോടി രൂപ നിക്ഷേപിച്ചു. രണ്ട് ദിവസങ്ങളിൽ 1522 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ആഭ്യന്തര ഫണ്ടുകൾ പുതുവത്സര ദിനത്തിൽ 410 കോടിയുടെ നിക്ഷേപം നടത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വിൽപ്പനക്കാരായ അവർ 7707 കോടി രൂപയുടെ ഓഹരികൾ വിറ്റു. 
വിനിമയ വിപണിയിലേയ്ക്ക് തിരിഞ്ഞാൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം നേരിയ ചാഞ്ചാട്ടം. ഡോളറിന് മുന്നിൽ 83.20 ൽ നിന്നും 83.33 ലേയ്ക്ക് രൂപ ദുർബലമായെങ്കിലും വാരാന്ത്യം രൂപ 83.16 ലാണ്. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ മൂല്യം 82.73 ലേയ്ക്ക് ശക്തിപ്രാപിക്കാം.
മുൻനിര ഓഹരിയായ ടാറ്റാ സ്റ്റീൽ, എം ആൻറ് എം, മാരുതി, എച്ച് യു എൽ, വിപ്രോ, ഇൻഫോസീസ്, റ്റി സി എസ്, ടെക് മഹീന്ദ്ര, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയ്ക്ക് തളർച്ച. അതേ സമയം താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് ഓപ്പറേറ്റർമാർ കാണിച്ച ഉത്സാഹം ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ്മ, ആർ ഐ എൽ, എയർടെൽ ഓഹരികൾ നേട്ടമാക്കി. 

Latest News