Sorry, you need to enable JavaScript to visit this website.

കുരുമുളകിന് പിടിച്ചുനിൽക്കാൻ കരുത്തുവേണം

ആഗോള റബർ ഉൽപാദനം ചുരുങ്ങും, ഉൽപാദന രാജ്യങ്ങൾക്ക് വിപണിയിൽ സ്വാധീനം വർദ്ധിക്കും. കുരുമുളക് ഉയർന്ന തലത്തിൽ പിടിച്ചു നിൽക്കാൻ ക്ലേശിക്കുന്നു. ഏലക്കയെ നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തി ഇടപാടുകാർ ചരക്ക് സംഭരിക്കുന്നു. മദ്ധ്യ കേരളത്തിൽ കൊക്കോ വിളവെടപ്പ് തുടങ്ങി. 
കാലാവസ്ഥ വ്യതിയാനം മൂലം ആഗോള റബർ ഉൽപാദനം വർഷത്തിന്റെ ആദ്യ പകുതിയിൽ ചുരുങ്ങും. വിപണി വില ഉയരാനുള്ള സാധ്യത കേരളത്തിലെ സ്‌റ്റോക്കിസ്റ്റുകൾക്ക് ആവേശം പകരാം. മഴ മൂലം തായ്‌ലണ്ടിലും മലേഷ്യയിലും റബർ ടാപ്പിങ് കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർത്താനാവുന്നില്ലെന്നാണ് അവിടെ നിന്നുള്ള വിവരം. പുതിയ സാഹചര്യത്തിൽ ചൈന, ജപ്പാൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഓപ്പറേറ്റർമാർ പിടിമുറുക്കാം.     ധനുമാസമെങ്കിലും രാത്രിയും പകലും അന്തരീക്ഷ താപനില പതിവിലും ഉയർന്നത് റബർ ഉൽപാദനത്തെ ബാധിക്കും. കേരളത്തിൽ താപനില ഏറ്റവും താഴുന്ന ഡിസംബറിലും ചൂട്  രേഖപ്പെടുത്തിയത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും. കാലാവസ്ഥ വ്യതിയാനം പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇല പൊഴിച്ചിൽ വ്യാപകമായി. കേരളത്തിലും ഉൽപാദനം ചുരുങ്ങുന്നത് വരും മാസങ്ങളിൽ വില ഉയരാൻ അവസരം ഒരുക്കാം, ഉൽപാദന രാംഗത്തെ പ്രതിസന്ധികൾക്കിടയിലും ടയർ കമ്പനികൾ ഷീറ്റ് വില ഉയർത്താൻ തയ്യാറായില്ല. നാലാം ഗ്രേഡ് 15,550 രൂപയിലും അഞ്ചാം ഗ്രേഡ് 15,200 രൂപയിലുമാണ്. വർഷാന്ത്യം മുന്നേറിയ കുരുമുളകിന് പുതു വർഷത്തിന്റെ ആദ്യവാരത്തിൽ തിരിച്ചടി. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ടങ്കിലും സീസൺ അടുത്തതിനാൽ വില ഇടിക്കാനുള്ള ശ്രമത്തിലാണ്. തെക്കൻ കേരളത്തിൽ മൂപ്പ് കുറഞ്ഞ മുളകിന്റെ ലഭ്യത കുറഞ്ഞു. 
അന്താരാഷ്ട്ര മാർക്കറ്റിൽനിന്നും ഉയർന്ന വിലയ്ക്ക് കൊക്കോ സംഭരിക്കാൻ ചോക്കളേറ്റ് വ്യവസായികൾ ഉത്സാഹിക്കുന്നത് നമ്മുടെ കർഷകരിൽ പ്രതീക്ഷ പകരുന്നു. ചോക്കളേറ്റ് വ്യവസായികൾ മദ്ധ്യകേരളത്തിലെ വിപണികളിൽ നിന്നും കിലോ 300 രൂപയിൽ കൊക്കോ ശേഖരിച്ചു. ഹൈറേഞ്ച് ചരക്കിന് ചോക്കളേറ്റ് വ്യവസായികൾ ഉയർന്ന വില വാഗ്ദാനം ചെയ്തു. മൂവാറ്റുപുഴ,  കോതമംഗലം, തൊടുപുഴ, അടിമാലി ഭാഗങ്ങളിലെ കർഷകർ കൊക്കോ വിളവെടുപ്പിന്റെ തിരക്കിലാണ്. 
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. ലഭ്യത ചുരുങ്ങിയതിനാൽ വാങ്ങലുകാരുടെ വരവ് നിരക്ക് ഉയർത്തി. ഇടത്തരം ചുക്ക് കിലോ 340 രൂപയിലും മികച്ചയിനങ്ങൾ 360 രൂപയിലും വ്യാപാരം നടന്നു. വിദേശ ഡിമാന്റുള്ളതിനാൽ കയറ്റുമതിക്കാർ ചുക്കിൽ പിടിമുറുക്കാം.  
ഏലക്ക ലേലത്തിൽ വിവിധയിനങ്ങൾ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തി ചരക്ക് സംഭരിച്ചു. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും വർഷാന്ത്യത്തിലെന്ന പോലെ തന്നെ ആവേശത്തോടെയാണ് പുതു വർഷത്തിലും ലേലത്തിൽ താൽപര്യം കാണിച്ചത്. വിളവെടുപ്പ് അവസാന റൗണ്ടിലേയ്ക്ക് നീങ്ങും മുന്നേ കരുതൽ ശേഖരം ഉയർത്താനുള്ള ശ്രമത്തിലാണ് മദ്ധ്യവർത്തികൾ. ഫെബ്രുവരിയിൽ വിളവെടുപ്പ് ചുരുങ്ങുന്നതോടെ നിരക്ക് ഉയരാം. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല, പ്രാദേശിക വിപണികളിൽ എണ്ണ വിൽപ്പന ചുരുങ്ങിയതിനാൽ നിരക്ക് ഉയരുന്നില്ല. കൊച്ചിയിൽ എണ്ണ 13,600 ലും കൊപ്ര 8800 രൂപയിലും സ്‌റ്റെഡിയാണ്. കേരളത്തിൽ സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞു, പവൻ 46,840 രൂപയിൽനിന്നും 47,000 ലേയ്ക്ക് ഉയർന്നങ്കിലും പിന്നീട് തളർന്ന് വാരാവസാനം 46,400 രൂപയായി. 

Latest News