ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി - ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഇന്നത്തെ സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി 'നീതിയെ കൊല്ലുന്ന' പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. 'കുറ്റവാളികളുടെ രക്ഷാധികാരി' ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബില്‍ക്കിസ് ബാനോയുടെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബി ജെ പി സര്‍ക്കാറിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഒടുവില്‍ നീതി വിജയിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. 'ഈ ഉത്തരവോടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കുള്ള മൂടുപടം നീങ്ങി. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കൂടുതല്‍ ദൃഢമാകും. ബില്‍ക്കിസ് ബാനോയുടെ പോരാട്ടം ധീരമായി തുടരുന്നതിന് അഭിനന്ദനങ്ങള്‍'- പ്രിയങ്ക ട്വീറ്റ് ചെയ്തു. സ്ത്രീകളോടുള്ള ബി ജെ പിയുടെ കടുത്ത അവഗണനയാണ് സുപ്രീം കോടതി വിധി തുറന്നുകാട്ടുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി മേധാവി പവന്‍ ഖേര പറഞ്ഞു. 'കുറ്റവാളികളെ നിയമവിരുദ്ധമായി മോചിപ്പിക്കാന്‍ സൗകര്യമൊരുക്കിയവരുടെയും, പ്രതികളെ ഹാരമണിയിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചവരുടെയും മുഖത്തേറ്റ അടിയാണിത്'-പവന്‍ ഖേര അഭിപ്രായപ്പെട്ടു. ഇരയുടെയോ കുറ്റവാളിയുടെയോ മതവും ജാതിയും നോക്കി നീതി നടപ്പാക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News