കോഴിക്കോടിന് കാലിടറി; കലാകിരീടം കണ്ണൂരിന്

കൊല്ലം-  62-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം കണ്ണൂരിന്. നിലവിലുള്ള ചാമ്പ്യൻമാരായ കോഴിക്കോടിനെ മുട്ടുകുത്തിച്ചാണ് കണ്ണൂരിന്റെ കിരീടനേട്ടം. 23 വർഷത്തിനുശേഷമാണ് കണ്ണൂർ കിരീടത്തിൽ വീണ്ടും മുത്തമിടുന്നത്.
  അത്യന്തം വാശിയേറിയ പോരാട്ടത്തിൽ കോഴിക്കോടിനെ ഫോട്ടോ ഫിനിഷിൽ പിന്നിലാക്കി 952 പോയിന്റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോടിന്് 949 പോയിന്റ് ലഭിച്ചു. 938 പോയിന്റുള്ള പാലക്കാടിനാണ് മൂന്നാംസ്ഥാനം. തൃശൂർ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസർകോട് 846, കോട്ടയം 837, വയനാട് 818, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
  കലോത്സവത്തിന്റെ ആദ്യ നാലുദിവസവും ആധിപത്യം പുലർത്തിയത് കണ്ണൂരായിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിവസമായ ഇന്ന് പോയിന്റുകൾ മാറിമറിയുന്നതിനാണ് കലോത്സവ നഗരി സാക്ഷ്യംവഹിച്ചത്. 2000-ത്തിൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്. 117.5 പവനുള്ള സ്വർണ്ണക്കപ്പിൽ ഇത് നാലാം തവണയാണ് കണ്ണൂർ മുത്തമിടുന്നത്.

Latest News