പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുക്കും, സിനഡിന് കാക്കനാട് മൗണ്ടില്‍ തുടക്കം

കൊച്ചി- സീറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിനുളള മെത്രാന്‍മാരുടെ സിനഡ്  കാക്കനാട് സെന്റ് തോമസില്‍ ആരംഭിച്ചു. സിനഡിന്റെ ഔപചാരിക ഉദഘാടന ചടങ്ങുകള്‍ വൈകുന്നേരമാകും നടക്കുക. രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കുമെന്നാണ് സൂചന. മറ്റന്നാള്‍ വരെ ഫലപ്രഖ്യാപനം നീണ്ടു പോയേക്കാം. പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി എന്നിവരിലൊരാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചനകള്‍.
ആദ്യ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ രണ്ടാംവട്ട രഹസ്യ വോട്ടിങ്ങിലേക്ക് കടക്കേണ്ടിവരും. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജിയെ തുടര്‍ന്ന് താല്‍ക്കാലിക ചുമതല വഹിക്കുന്ന മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സിനഡിനും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നത്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനവും സ്ഥാനാരോഹണവും അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാകും നടക്കുക. അദ്ദേഹത്തെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിറോ മലബാര്‍ സഭയുടെ 65 മെത്രാന്‍മാരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 53 പേര്‍ക്കാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കുകയും പിളര്‍പ്പിന്റെ വക്കിലെത്തിക്കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാലഘട്ടത്തിന് ശേഷം വരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മധ്യകേരളത്തില്‍ നിന്നായിരിക്കുമെന്നാണ് സൂചകള്‍. മാര്‍ ആലഞ്ചേരിക്ക് സീറോ മലബാര്‍ സഭയുടെ തലപ്പത്ത് വെല്ലുവിളിയുയര്‍ത്തിയത് വൈദികരുടെ പ്രാദേശിക താല്‍പര്യങ്ങളായിരുന്നു. തെക്കു നിന്നുള്ള ആള്‍ അപ്രതീക്ഷിതമായി മേജര്‍ ആര്‍ച്ച് ബിഷപ്പായെത്തിയത് മധ്യകേരളത്തിലെ വൈദിക ശ്രേഷ്ഠന്‍മാര്‍ക്കിടയിലുണ്ടാക്കിയ അതൃപ്തിയാണ് പിന്നീട് സഭയില്‍ കോളിളക്കം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമായത്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതോടെ സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.

Latest News