ബംഗ്ലാദേശില്‍ പോളിംഗ് ശതമാനം താഴെ

ധാക്ക- ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം കുത്തനെ താഴെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 ശതമാനം പേര്‍ വോട്ട് ചെയ്ത സ്ഥാനത്ത് വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 27 ശതമാനം മാത്രമാണ് പോള്‍ ചെയ്തത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 

അന്തിമ കണക്കില്‍ പോളിങ് 40 ശതമാനത്തോളം മാത്രമായിരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കാസി ഹബീബുല്‍ അവാല്‍ പറഞ്ഞു.

300 മണ്ഡലങ്ങളുള്ള രാജ്യത്ത് 299 സീറ്റുകളിലാണു വോട്ടെടുപ്പ് നടന്നത്. പ്രധാന പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതിനാല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്കു തുടര്‍ച്ചയായ നാലാമൂഴം ഏറെക്കുറെ ഉറപ്പാണ്. ഫലം തിങ്കളാഴ്ച പുറത്തുവരും. 

വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.

അവാമി ലീഗ് നേതാവ് ശൈഖ് ഹസീനയുടെ ഭരണത്തില്‍ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആരോപണം. രാഷ്ട്രീയ അക്രമങ്ങള്‍ വ്യാപകമായ ബംഗ്ലാദേശില്‍ ഇത്തവണ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എട്ടു ലക്ഷം പോലീസുകാരെയാണ് നിയോഗിച്ചത്.

Latest News