പന്തല്ലൂരില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി; ഹര്‍ത്താല്‍ പൂര്‍ണം

ഗൂഡല്ലൂര്‍-നീലഗിരി ജില്ലയിലെ പന്തല്ലൂരിലും സമീപങ്ങളിലും ദിവസങ്ങളായി ഭീതി പരത്തിയ പുലി കൂട്ടിലായി. ഏലമണ്ണ പെരുങ്കരയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍  ഇന്നു ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പുലി അകപ്പെട്ടത്. പന്തല്ലൂരിനു സമീപം മേങ്കോറേഞ്ച് തേയിലത്തോട്ടത്തില്‍ ശനിയാഴ്ച വൈകുന്നരം ജാര്‍ഖണ്ഡ് സ്വദേശി ശിവശങ്കര കുടുക്കയുടെ  മൂന്നു വയസുള്ള മകള്‍ നാന്‍സിയെ കൊന്ന പുലിയാണ് കൂട്ടിലായതെന്നു വനപാലകര്‍ സ്ഥിരീകരിച്ചു.  മയക്കുവെടിവെച്ച് പിടിക്കാന്‍ തമിഴ്‌നാട് വനസേന നീക്കം നടത്തുന്നതിനിടെയാണ് പുലി കുടുങ്ങിയത്. മയക്കുവെടി വെക്കുന്നതിനായി പുലിയെ കണ്ടെത്തുന്നതിന്  ഡ്രോണിനു പുറമേ മുതുമലയില്‍നിന്നു എത്തിച്ച കുംകിയാനയെയും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മറ്റൊരു പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
പന്തല്ലൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടാഴ്ചയ്ക്കിടെ അഞ്ചു പേരെയാണ് പുലി ആക്രമിച്ചത്. ഇതില്‍ രണ്ടു പേര്‍ മരിച്ചു. തൊണ്ടളത്തെ അങ്കണവാടിയില്‍നിന്നു അമ്മയ്‌ക്കൊപ്പം താമസസ്ഥലത്തേക്കു നടന്നുവരുന്നതിനിടെയാണ് നാന്‍സിയെ പുലി പിടിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ നാന്‍സിയെ കടിച്ചുതൂക്കിയ പുലി തേയിലക്കാട്ടില്‍ മറഞ്ഞു. മാതാവിന്റെ നിലവിളി കേട്ടെത്തിയവര്‍  ചോരപ്പാടുകള്‍ നോക്കി നടത്തിയ തെരച്ചലില്‍ തോട്ടത്തില്‍ മൃതപ്രയാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി സമിതിയും വ്യാപാരി സംഘവും ഗുഡല്ലൂര്‍, പന്തല്ലൂര്‍  താലൂക്കുകളില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പുലി  ആക്രമണത്തില്‍ മരിച്ച ബാലികയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News