Sorry, you need to enable JavaScript to visit this website.

സുരേന്ദ്രന്റെ ആരോപണം വസ്തുതാ വിരുദ്ധം; നിയമ നടപടി സ്വീകരിക്കുമെന്ന് ജാമിഅ മില്ലിയ പ്രസിഡന്റ്

കെ. സുരേന്ദ്രന്‍

ന്യൂദൽഹി- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തനിക്കെതിരെ നടത്തിയ ഗുരുതരമായ ആരോപങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എൻ.എസ്.യു.ഐ ജാമിഅ മില്ലിയ പ്രസിഡന്റും ടി.എൻ പ്രതാപൻ എംപിയുടെ പബ്ലിക് റിലേഷൻ ഓഫീസറുമായ എൻ.എസ് അബ്ദുൽ ഹമീദ് പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ബി.ജെ.പി നിലമറന്നു കളിക്കുകയാണ്. തൃശൂർ സീറ്റ് എങ്ങനെയെങ്കിലും ജയിക്കാമെന്ന വ്യാമോഹത്താൽ ടി.എൻ പ്രതാപൻ എം.പിക്കെതിരെ ബി.ജെ.പി നേതൃത്വം നടത്തുന്ന ദുരാരോപണ പരമ്പരയുടെ തുടർച്ചയാണ് എനിക്ക് നേരെയുണ്ടായിട്ടുള്ളത്. ഞാൻ ജാമിഅയിലെ പി.എഫ്.ഐ നേതാവും ദൽഹി കലാപക്കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത ആളുമാണെന്ന ആരോപണം ഗുരുതരമാണ്. ഇത് വസ്തുതാ വിരുദ്ധമാണ് എന്ന് മാത്രമല്ല നാണക്കേടുമാണ്. ജനാധിപത്യമതനിരപേക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്ന വിദ്യാർത്ഥി നേതാക്കൾക്ക് തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്ന ഏർപ്പാട് അംഗീകരിക്കില്ല.

ദൽഹി കലാപക്കേസിലോ മറ്റേതെങ്കിലും വിഷയത്തിലോ എൻ.ഐ.എ പോയിട്ട് ദൽഹി പൊലീസിലെ ഒരു സാധാരണ പോലീസ് എങ്കിലും ചോദ്യം ചെയ്തതിന്റെ രേഖകൾ പുറത്തുവിടാൻ ഞാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യപ്പെട്ട ആൾ വന്നിട്ടാണ് ഇതൊക്കെ പറയുന്നത് എന്നത് വിരോധാഭാസമാണ്. ആർഎസ്എസിനെ നിശിതമായി വിമർശിക്കുന്ന ആളാണ് ഞാൻ. മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ ഞാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ബിജെപി അണികളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇപ്പോൾ എന്നെ ലക്ഷ്യമിടുന്നത് ഇതുകൊണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പോരാടിയ ആളാണ് ഞാൻ. ജനാധിപത്യപരമായി ഇനിയും പോരാടും. സംഘ്പരിവാറിന്റെയും അതുപോലെ മതം ഉപയോഗിച്ച് വർഗ്ഗീയത പറയുന്ന എല്ലാവരെയും എതിർക്കുന്നത് തുടരും. 

നിരോധനത്തിന് മുൻപായിരുന്നു സുരേന്ദ്രൻ ഇത് പറഞ്ഞിരുന്നതെങ്കിൽ പിഎഫ്‌ഐ അവർ തന്നെ പിരിച്ചു വിടുമായിരുന്നു. അത്രകണ്ട് പിഎഫ്‌ഐ രാഷ്ട്രീയത്തെ വിമർശിക്കുന്ന ഒരാളാണ് ഞാൻ. സംഘപരിവാറിന്റെ തീവ്രവാദ ചാപ്പകൾ ഒരിക്കലും എന്നെ ബാധിക്കില്ല. അർഹതപ്പെട്ട പുച്ഛത്തോടെ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു. പരസ്യമായി മാപ്പുപറയാൻ തയ്യാറല്ലെങ്കിൽ നിയമ നടപടിയിൽ യാതൊരു ഇളവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News