26-ാം വയസിൽ മോഡി കേദാർനാഥ് ക്ഷേത്രം തലകുത്തി വലംവെച്ചുവെന്ന്

ന്യൂദൽഹി- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പറ്റി പലപ്പോഴും അതിശയകരമായ കഥകൾ സോഷ്യൽ മീഡിയ വഴി പലരും പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള പ്രചാരണത്തിലെ ഏറ്റവും പുതിയ കാര്യമാണ് കർണാടകയിലെ ബി.ജെ.പി നേതാവ് ബി.സി പാട്ടീൽ പുറത്തുവിട്ടത്. മോഡി തന്റെ 26-ാം വയസിൽ കേദാർനാഥ് ക്ഷേത്രം കൈ കൊണ്ട് കുത്തി പ്രദക്ഷിണം ചെയ്തുവെന്നാണ് പാട്ടീലിന്റെ അവകാശവാദം. ഇതിന്റെ വീഡിയോ കൂടി പാട്ടിൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു. 

പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജി, അദ്ദേഹത്തിന് 26 വയസ്സുള്ളപ്പോൾ കേദാർനാഥ് എങ്ങനെ പ്രദക്ഷിണം വച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും നോക്കാമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം പ്രദക്ഷിണം ചെയ്യുന്നത് മോഡിയല്ലെന്ന് സോഷ്യൽ മീഡിയ ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ വ്യക്തമാക്കി. ഈ വീഡിയോ 2021 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി സന്തോഷ് ത്രിവേദിയുടെതാണെന്ന് മുഹമ്മദ് സുബൈർ പറഞ്ഞു. പാട്ടീൽ സാർ, നിങ്ങൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിക്കുന്ന എല്ലാ കാര്യങ്ങളും ശരിയല്ലെന്നും നിങ്ങൾ പങ്കുവെച്ചത് 26 വയസുള്ള സമയത്തെ മോഡിയല്ലെന്നും സുബൈർ തെളിവുസഹിതം പുറത്തുവിട്ടു. 

Latest News