കാര്‍ അപകടത്തില്‍ രക്ഷപ്പെട്ട നാലു പേര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ട്രക്കിടിച്ച് മരിച്ചു

ധാര്‍വാഡ്-കര്‍ണാടകയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ രക്ഷപ്പെട്ട നാലു പേര്‍ ട്രക്കിടിച്ച് മരിച്ചു. ഹുബ്ബള്ളിയിലാണ് സംഭവം. ആദ്യത്തെ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് സഹായത്തിനായി റോഡരികില്‍ കാത്തുനിന്ന നാലുപേരാണ് അരമണിക്കൂറിനുശേഷം ട്രക്കിടിച്ച് മരിച്ചത്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
23-34 പ്രായക്കാരായ നാലു പേര്‍ സഹായത്തിനായി റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
രണ്ട് അപകടങ്ങളിലുമായി അഞ്ച് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പൂനെ-ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം.
മണികാന്ത് (26), ചന്ദന്‍ (31) പവന്‍ (23), ഹരീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ആദ്യത്തെ മൂന്ന് പേര്‍ ഹാസന്‍ ജില്ലയിലെ അറകലഗുഡ് സ്വദേശികളും ഹരീഷ് കുമാര്‍ ബംഗളൂരു സ്വദേശിയുമാണ്.
ബെല്ലിഗാട്ടിക്കു സമീപം ഹാസനില്‍നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന കാറും ഷിര്‍ദിയില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് സൂപ്രണ്ട് പറഞ്ഞു. രണ്ട് കാറുകളിലായി ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News